
കൊച്ചി: തകരാറിലായ പാലാരിവട്ടം പാലം പൊളിക്കുന്ന പണികള്‍ പൂര്‍ത്തിയാകുന്നു. 17 സ്പാനുകളില്‍ 13 എണ്ണവും പൊളിച്ചു മാറ്റി. ഇനി നാലു സ്പാനുകള്‍ കൂടി പൊളിച്ചാല്‍ പൊളിക്കല്‍ പൂര്‍ണമാകും. പുതിയ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഈ മാസം 29 മുതല്‍ ആരംഭിക്കും. തൂണുകള്‍ക്കു മുകളിലുള്ള പിയര്‍ ക്യാപ്പുകള്‍ ബലപ്പെടുത്തുന്ന ജാക്കറ്റിങ് ജോലികളും പുരോഗമിക്കുകയാണ്. പൊളിക്കലും പുതുക്കിപ്പണിയലും ഒരേ സമയം ആണ് നടക്കുന്നത്.
പ്രീ കാസ്റ്റ് ഗര്‍ഡറുകള്‍ ഡി.എം.ആര്.സിയുടെ താല്‍ക്കാലിക യാര്‍ഡില്‍ നിര്‍മിച്ചുവരികയാണ്. പിയര്‍ ക്യാപ്പുകള്‍ ബലപ്പെടുത്തിക്കഴിഞ്ഞാല്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കും. തുടര്‍ന്ന് ഡക്ക് സ്ലാബുകള്‍ സ്ഥാപിക്കും. എട്ടുമാസംകൊണ്ട് പാലം പുതുക്കിപ്പണിയുകയാണ് ലക്ഷ്യം.
ഇബ്രാഹിംകുഞ്ഞിനു കുരുക്കായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണവും
അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനു കുരുക്കായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണവും വരുന്നുണ്ട്. പാലം അഴിമതിയിലൂടെ സ്വരൂപിച്ച 10 കോടി രൂപയുടെ കള്ളപ്പണം മുസ്ലിം ലീഗ് മുഖപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം. പാലാരിവട്ടം കേസുമായി ബന്ധപ്പെട്ട് ഒരുതവണ ഇ.ഡിയും രണ്ടുതവണ വിജിലന്‍സും ഇബ്രാഹിംകുഞ്ഞിനെ വിളിപ്പിച്ചിരുന്നു.
കഴിഞ്ഞയാഴ്ച ഇ.ഡി. വിളിപ്പിച്ചപ്പോള്‍ ചികിത്സയിലാണെന്ന് ഇബ്രാഹിംകുഞ്ഞ് വെളിപ്പെടുത്തി. കേസില്‍ അഞ്ചാംപ്രതിയാണു കഴിഞ്ഞ യു.ഡി.എഫ്. മന്ത്രിസഭയില്‍ പൊതുമരാമത്തുവകുപ്പ് െകെകാര്യംചെയ്ത ഇബ്രാഹിംകുഞ്ഞ്. തിരുവനന്തപുരത്തുനിന്നുള്ള വിജിലന്‍സ് സംഘം ഇന്നലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യാശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പിന്നീട് വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തെങ്കിലും ആരോഗ്യസ്ഥിതി പരിഗണിച്ച് ചികിത്സയില്‍ തുടരും. പാലത്തിന്റെ നിര്‍മാണക്കരാറുകാരായ ആര്.ഡി.എസ്. കമ്പനിയുമായി ചേര്‍ന്ന് അഴിമതി നടത്തിയെന്നാണു മുന്‍മന്ത്രിക്കെതിരായ കേസ്. ഗൂഢാലോചന, അനധികൃത സ്വത്തുസമ്പാദനം, പാലം നിര്‍മാണത്തിലെ ഗുരുതരപിഴവ് തുടങ്ങിയ കുറ്റങ്ങളാണ് അഴിമതി നിരോധനനിയമപ്രകാരം ചുമത്തിയിട്ടുള്ളത്.
പഞ്ചവടിപ്പാലം സിനിമ ചൂണ്ടിക്കാട്ടി പാലാരിവട്ടം പാലത്തെ ഹൈക്കോടതി പരിഹസിച്ചു
കൊച്ചി: കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം സിനിമയുടെ കഥ ചൂണ്ടിക്കാട്ടി പാലാരിവട്ടം പാലത്തെ ഹൈക്കോടതി പോലും ഒരു വേള പരിഹസിച്ചിരുന്നു. അത്രയ്ക്കായിരുന്നു അതിലെ അഴിമതിയുടെ വ്യാപ്തി. ഗതാഗതക്കുരുക്കില്‍ അമര്‍ന്ന കൊച്ചിയിലെ പ്രധാന ട്രാഫിക് ജങ്ഷനായ പാലാരിവട്ടത്തെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് പാലം നിര്‍മാണമെന്ന ആവശ്യം നടപ്പിലായത്.
* 2014 ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പാലത്തിന് അനുമതി
* കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനു നിര്‍മാണമേല്‍നോട്ടം
* ന്യൂഡല്‍ഹിയിലെ ആര്.ഡി.എസ്. പ്രോജക്ട്സിന് നിര്‍മാണക്കരാര്‍
* പാലം രൂപകല്പന ചെയ്തത് ബംഗളുരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്‍സി
* 42 കോടി നിര്‍മാണച്ചെലവ്
* 2014 സെപ്റ്റംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങി
* 2016 ഒക്ടോബര്‍ 12 ന് പാലം തുറന്നുകൊടുത്തു
* 2017 ല്‍ പാലത്തില്‍ കുഴികള്‍
* 2018 ല്‍ ആറിടത്ത് വിള്ളല്‍. തുടര്‍ന്ന് ഗതാഗത നിയന്ത്രണത്തിന് ശിപാര്‍ശ
* 2019 മാര്‍ച്ച് 27 ന് പാലം നവീകരിക്കണമെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ട്
* 2019 മേയ് ഒന്നിന് പാലത്തിലൂടെ ഗതാഗതം നിരോധിച്ചു
* 2019 മേയ് മൂന്നിന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
* 2019 മേയ് 29 ല്‍ പാലം നിര്‍മാണത്തില്‍ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
* 2019 ജൂണ്‍ 4 ന് വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്.
* 2019 ഓഗസ്റ്റ് 30 ന് ടി.ഒ. സൂരജ് അറസ്റ്റില്‍. എല്ലാം ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടായിരുന്നുവെന്ന് മൊഴി.
* 2020 സെപ്റ്റംബര്‍ 28 ന് പാലം പൊളിക്കാന്‍ തുടങ്ങി
മുന്‍മന്ത്രിക്കു കുരുക്കായത് ഇവ
* പാലത്തിന്റെ നിര്‍മാണക്കരാറുകാരായ ആര്.ഡി.എസ്. കമ്പനിക്കു മൊബൈലൈസേഷന്‍ അഡ്വാന്‍സായി 8.5 കോടി രൂപ നല്‍കാനുള്ള ഫയലില്‍ ഒപ്പിട്ടു.
* അഴിമതിയില്‍നിന്നുള്ള കള്ളപ്പണം നോട്ട് നിരോധനകാലത്ത് മുസ്ലിം ലീഗ് മുഖപത്രത്തില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെന്ന ആരോപണം.
* എല്ലാ ഇടപാടുകള്‍ക്കു പിന്നിലും മുന്മന്ത്രിയെന്നു പൊതുമരാമത്ത് വകുപ്പ് മുന്‍സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴി.
* പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് ഡി.എം. ആര്.സി. മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്റെ മൊഴി.





