
ന്യൂഡൽഹി : മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്ന ഫീസ് നല്‍കണമെന്ന ഹൈക്കോടതി വിധിയ്ക്കെതിരേ ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മെഡിക്കല്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ ശനിയാഴ്ചയാണു ഹർജി സമർപ്പിച്ചത്.
18 കോളജുകളിൽ മാനേജ്മെന്റ് ആവശ്യപ്പെട്ട വാർഷിക ഫീസ് അറിയിച്ച് പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ഇറക്കിയിരുന്നു. മാനേജ്മെന്റുകൾ ആവശ്യപ്പെട്ട ഉയർന്ന ഫീസ് വിദ്യാർഥികളെ അറിയിക്കണമെന്ന കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി.
ഫീസ് വർധനയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിരുന്നു. വിദ്യാർഥികളെ സംബന്ധിച്ച് വിധി നിർണായകമാകുമെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ അധ്യയന വർഷം ഫീസായി 7.65 ലക്ഷം മതിയെന്നും 4 ക്രിസ്ത്യൻ മാനേജ്മെന്റ് കോളജുകൾ അറിയിച്ചിട്ടുണ്ട്. മറ്റുള്ള കോളജുകൾ 11 മുതൽ 20 ലക്ഷം രൂപ വരെ വാർഷിക ഫീസ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.






