ശബരിമല: മണ്ഡലകാലം തുടങ്ങി ഒരാഴ്ച ആയപ്പോൾ ശബരിമലയിൽ എത്തിയത് 9,000 തീർഥാടകർ മാത്രം. കോവിഡിനെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ശബരിമലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷം മൂന്നുലക്ഷത്തോളം പേർ ഈ സമയം മല ചവിട്ടിയിരുന്നു. കോവിഡ് നിയന്ത്രണം വന്നശേഷം എട്ടുമാസത്തിനിടെ ഏറ്റവും കൂടുതൽ ഭക്തർ എത്തിയ ദിവസവും ശനിയാഴ്ചയാണ്. മുൻവർഷം ദിവസം മൂന്ന് കോടി രൂപ വരവ് ഉണ്ടായിരുന്നു. ഇപ്പോൾ ഇത് പത്ത് ലക്ഷം രൂപയിൽത്താഴെ മാത്രം.
ഓൺലൈൻ വഴി ബുക്കുചെയ്യുന്നവരിൽ 40 ശതമാനം പേരും വരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. പ്രതിദിനം വരുന്ന ഭക്തരുടെ എണ്ണം കൂട്ടിയാലും കോവിഡ് നിയന്ത്രണം പാലിക്കാൻ കഴിയുമെന്നാണ് ഇതുവരെയുള്ള പ്രവർത്തനങ്ങൾ
കാണിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതും ശുചീകരണവും കൃത്യമായി നടത്താനും സാധിക്കുന്നുണ്ട്.






