ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പേരറിവാളന്റെ പരോള്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിക്കൊടുത്തു. സുപ്രീം കോടതിയുടേതാണ് നടപടി. വൈദ്യ പരിശോധനകള്‍ക്കായാണ് പരോള്‍ നീട്ടിയത്. ജസ്റ്റിസ് എല്‍.എന്‍ റാവുവിന്റെ ബെഞ്ചിന്‍േ്റതാണ് ഉത്തരവ്. ഇന്ന് പരോള്‍ അവസാനിക്കാനിരിക്കെയാണ് പേരറിവാളന് വേണ്ടി അഭിഭാഷകന് ഗോപാല്‍ ശങ്കരനാരായണന് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തെ നവംബര്‍ 9 മുതല്‍ 23 വരെയാണ് പേരറിവാളന് പരോള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ പോലീസ് സംരക്ഷണം ഒരുക്കാതിരുന്നതിനാല്‍ പേരറിവാളന് വൈദ്യ പരിശോധന നടത്താനായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പേരറിവാളന്റെ ഹര്‍ജി അംഗീകരിച്ച കോടതി ഒരാഴ്ചത്തേക്ക് കൂടി പരോള്‍ നീട്ടാനും പോലീസ് സംരക്ഷണം നല്‍കാനും നിര്‍ദ്ദേശിച്ചു.
രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാളന് ഉള്‍പ്പെടെയുള്ള പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. പ്രതികളെ ജയില്‍മോചിതരാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തുവെങ്കിലും ഗവര്‍ണര്‍ അനുകൂല തീരുമാനം എടുത്തിട്ടില്ല. 28 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.





