
കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്ന് കോടതി. വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ മറുപടി. കസ്റ്റഡിയില്‍ വിടാനുള്ള ആരോഗ്യ സ്ഥിതിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇബ്രാഹിംകുഞ്ഞിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ കീമോ തെറാപ്പി അടക്കമുള്ള ചികിത്സ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രി മാറ്റുന്നത് മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം പരിഗണിച്ചായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് ഡി.എം.ഒ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള അഞ്ച് വിദഗ്ധ ഡോക്ടര്‍മാരാണ് സ്വകാര്യ ആശുപത്രിയില്‍ എത്തി ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ചത്. കഴിഞ്ഞ ഒമ്പത് മാസമായി ഇബ്രാഹിംകുഞ്ഞ് ചികിത്സയിലാണെന്നും ഇതിനകം 33 തവണ കീമോ തെറാപ്പിക്ക് വിധേയനായെന്നും കഴിഞ്ഞ 19നും കീമോ തെറാപ്പി നടത്തിയെന്നും അതിന്റെ ക്ഷീണവും മറ്റ് പ്രയാസങ്ങളും ഇബ്രാഹിംകുഞ്ഞിനുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കുന്നു.
ഗുരുതരമായ മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അര്‍ബുദ രോഗത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റു ചെയ്യാന്‍ വിജിലന്‍സ് സംഘം വീട്ടിലെത്തിയപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വീട്ടുകാര്‍ അറിയിച്ചത്. വീട് പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് വിജിലന്‍സ് സംഘം ആശുപത്രിയില്‍ എത്തിയത്.






