
മുംബൈ നഗരത്തിന് ആശങ്കയുടെ ഇരുള് വീഴ്ത്തിയ ഭീകരാക്രമണം നടന്നിട്ട് 12 വര്‍ഷം. 2008 നവംബര്‍ 26 നായിരുന്നു പാകിസ്താന് തീവ്രവാദി അജ്മല്‍ കസബും കൂട്ടാളികളും മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരണം വിതച്ചത്. കടല്‍മാര്‍ഗ്ഗം എത്തിയ 10 ഭീകരര്‍ ഛത്രപതി ശിവജി ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന്, നരിമാന് ഹൗസ് കോംപ്ലക്സ്, ലിയോപോള്‍ഡ് കഫേ, താജ് ഹോട്ടല്‍, ടവര്‍, ഒബ്റോയി ട്രിഡന്റ് ഹോട്ടല്‍, കാമാ ആശുപത്രി എന്നിങ്ങനെ തെക്കന്‍ മുംബൈയിലെ പലയിടത്തായി നടത്തിയ മൂന്ന് ദിവസം നീണ്ടു നിന്ന ആക്രമണത്തില്‍ 190 പേരായിരുന്നു മരണമടഞ്ഞത്. 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
12 വര്‍ഷത്തിന് ശേഷം ഇപ്പോഴും നവംബറിലെ ആഴ്ചകള്‍ നഗരത്തില്‍ നടുക്കവും കോപവും ഭയവും വിഷാദവുമെല്ലാം നിറയ്ക്കുന്നുണ്ടെങ്കിലും തീവ്രവാദികളെ കീഴടക്കാനും നഗരത്തെ രക്ഷിക്കാനുമായി ജീവന് ബലിയര്‍പ്പിച്ച അസാമാന്യ ധൈര്യവും വിട്ടുവീഴ്ചയില്ലാതെ കര്‍ത്തവ്യ നിര്‍വ്വഹണം നടത്തിയവരുടെയും അസാധാണത്വത്തിന്റെ ഓര്‍മ്മകള്‍ ജ്വലിച്ച് നില്‍ക്കുകയും ചെയ്യുന്നുണ്ട്. ഭീകരരുടെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങുമ്പോഴും മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ ശ്രമം നടത്തുകയും തീവ്രവാദികളെ തിരിച്ചടിക്കാനും ഇവര്‍ അവസാന ശ്വാസം വരെ പോരാടി. 26/11 തീവ്രവാദി ആക്രമണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്ത്യാക്കാര്‍ ഇവരെയും ഓര്‍ക്കും.
ഹേമന്ദ് കര്‍ക്കറെ, അശോക കാംടേ, വിജയ് സലാസ്ക്കര്‍
മുംബൈയിലെ ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവനായിരുന്നു ഹേമന്ദ് കര്‍ക്കറെ. നവംബര്‍ 26 ന് രാത്രി 9.45 ന് ഭീകരാക്രമണം സംബന്ധിച്ച വിവരം കിട്ടുമ്പോള്‍ കര്‍ക്കറെ ദാദറിലെ തന്റെ വീട്ടിലായിരുന്നു. ഉടന്‍ തന്നെ സിഎസ്ടി സ്റ്റേഷനിലേക്ക് അദ്ദേഹം കുത്തിച്ചു. കൂട്ടത്തില്‍ തന്റെ ഡ്രൈവറും ബോഡി ഗാര്‍ഡും ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോഴായിരുന്നു കാമാ ആശുപത്രിയിലാണ് ഭീകരര്‍ എന്നറിഞ്ഞത്.
കര്‍ക്കറേ ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥരായ അശോക് കാംടേയും വിജയ് സലാസ്ക്കറെയും വിളിച്ചു. ഇവര്‍ എത്തുമ്പോള്‍ ഒരു ചുവന്ന കാറിന് പിന്നില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തേടിയായിരുന്നു എത്തിയത്. ഇതിനിടയില്‍ അവര്‍ ഒരു തീവ്രവാദിയെ കണ്ടെത്തുകയും പിന്നീട് ജീവനോടെ പിടിയിലായ അജ്മല്‍ കസബിന് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരസ്പരമുള്ള വെടിവെയ്പ്പിനിടയില്‍ ക്രൈംബ്രാഞ്ച് ഓഫീസിന് സമീപത്തെ ചെറിയ ഇടവഴിയില്‍ ഒളിച്ചിരുന്ന രണ്ടാമത്തെ ഭീകരന്റെ വെടിയേറ്റ് മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടു.
ടുകുറാം ഓംബ്ളേ
മുംബൈ പോലീസിന്റെ ഭാഗമായ വിമുക്ത ഭടനായിരുന്നു ടുകുറാം. തീവ്രവാദികളില്‍ ഒരാളായ അജ്മല്‍ കസബിനെ പിടികൂടാന്‍ കാരണമായത് ടുക്കുറാമായിരുന്നു. ഒരു കാര്‍ തട്ടിയെടുത്ത രണ്ടു ഭീകരരുമായിട്ടായിരുന്നു ഇദ്ദേഹം പോരാടിയത്.അജ്മല്‍ കസബും ഇസ്്മായീലും ഒരു ടാക്സി എടുത്ത് ഛത്രപതി ശിവജി മഹാരാഷ് ടെര്മിനസില് എത്തി. അവിടെ നാശം വിതച്ച ശേഷം അവര്‍ കാമാ ആശുപത്രിയില്‍ എത്തി അവിടെയും കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തി. ഇതിനിടയില്‍ ഹേമന്ദ് കര്‍ക്കറെയും സഹായികളും മരിച്ചുവീണു. ഇതിനിടയിലായിരുന്നു അതിലെ വന്ന കാര്‍ തടഞ്ഞു നിര്‍ത്തി തട്ടിയെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഒംബലേയുടെ ഇടപെടല്‍.
ഇസ്മായീലിനെ വെടിവെച്ചു കൊന്ന അദ്ദേഹം കസബിന്റെ തോക്കിന്റെ ബാരലില്‍ പിടിച്ചു. കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇതിനകം ഒരു ഡസനോളം ബുള്ളറ്റുകളാണ് പോയിന്റ് ബഌങ്ക് റേഞ്ചില്‍ നിന്നും അദ്ദേഹത്തിന്റെ ശരീരത്തില്‍ കയറിയത്. പിന്നാലെ എത്തിയവര്‍ കൂടി ചേര്‍ന്നതോടെ കസബിനെ കീഴ്പ്പെടുത്തി. സംഭവത്തിലെ ഏറ്റവും വലിയ ധീരരക്തസാക്ഷിയായി മാറിയ ഓംബ്ളേയെ രാജ്യത്തെ ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നായ അശോകചക്രം നല്‍കിയാണ് ആദരിച്ചത്.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്
എലൈറ്റ് സ്പെഷ്യല്‍ ഫോഴ്സ് അംഗമായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. താജ് ഹോട്ടലിലെ ഭീകരരെയായിരുന്നു നേരിട്ടത്. ഇടനാഴിയില്‍ ഗ്രനേഡും എകെ 47 തോക്കും കയ്യിലേന്തിയ തീവ്രവാദിയെ എതിരിടുന്നതിനിടയിലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. എന്നിരുന്നാലും ശക്തമായി തിരിച്ചടിച്ച അദ്ദേഹം തീവ്രവാദികളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും തീവ്രവാദികളെ റെസ്റ്റോറന്റിന്റെ താഴത്തെ നിലയിലേക്ക് ഓടിക്കുകയും ചെയ്തു.
കരംബീര്‍ സിംഗ് കാംഗ്
യൂണിഫോമിലുള്ളവര്‍ മാത്രമായിരുന്നില്ല ഹീറോകള്‍. താജ് മഹല്‍ പാലസ് ഹോട്ടലില്‍ 2008 ല്‍ ഭീകരര്‍ ആക്രമണം നടത്തുമ്പോള്‍ സമചിത്തതയോടെ നൂറു കണക്കിന് അതിഥികളെയും സ്റ്റാഫുകളെയും രക്ഷപ്പെടുത്തിയ ജനറല്‍ മാനേജര്‍ കരംബീര്‍ സിംഗ് കാംഗുമുണ്ട്്. തനിക്കുചുറ്റും എല്ലാം വെടിയേറ്റ് വീഴുമ്പോഴും പരിഭ്രാന്തനാകാതെ മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ അദ്ദേഹം അവസാന ശ്വാസം വരെ ശ്രമം നടത്തി. സ്വയം രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഭാര്യയേയും രണ്ടു മക്കളെയും രക്ഷിക്കാനായില്ല. ആറാം നിലയില്‍ നടന്ന തീപിടുത്തത്തില്‍ അവര്‍ മരണമടയുകയും ചെയ്തു.
19 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന കാംഗ് ഭീകരര്‍ വരുമ്പോള്‍ ഒരു കോണ്‍ഫറന്‍സിലായിരുന്നു. ഭാര്യ നീതിയും മക്കള്‍ 12 കാരന് ഉദയ് യും അഞ്ചു വയസ്സുകാരന് സമര് വീറും ആറാമത്തെ നിലയിലും. മക്കളെയും ഭാര്യയെയും ഏറെ സ്്നേഹിച്ചിരുന്ന കരംബീര്‍ അവരുമായി നല്ല ബന്ധവും നില നിര്‍ത്തിയിരുന്നു. വിവരമറിഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ കരംബീര്‍ ഓടിയെത്തി. കുടുംബത്തിന്റെ ജീവനേക്കാളും അതിഥികളുടെയും തന്റെ ജോലിക്കാരുടെയും ജീവന് പ്രാധാന്യം നല്കി. ഭാര്യ നീതിയെയും മക്കളെയും രക്ഷിക്കാന്‍ കരംബീര്‍ ശ്രമം നടത്തിയെങ്കിലും കമാന്റോകള്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചു.
ഇതിനിടയില്‍ മുറികളായ മുറികളിലെല്ലാം തീവ്രവാദികള്‍ വെടിവെയ്പ്പും ഗ്രനേഡ് ആക്രമണവും നടത്തുമ്പോള്‍ നീതിയും മക്കും അവരുടെ മുറിയിലെ ബാത്ത്റൂമിലായിരുന്നു അഭയം തേടിയത്. എന്നാല്‍ മുറിയില്‍ പുക നിറഞ്ഞതോടെ ഇവര്‍ ശ്വാസം മുട്ടി മരിച്ചു. ഭാര്യയും മക്കളും ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് പോകുമ്പോള്‍ കരംബീര്‍ തന്റെ സ്്റ്റാഫുകളെും അതിഥികളെയും സുരക്ഷാവിഭാഗത്തിനൊപ്പം രക്ഷിക്കാനുള്ള തിരക്കിലായിരുന്നു. എല്ലാം 11 വര്‍ഷത്തിന് ശേഷം പുനര്‍ വിവാഹിതനായ കരംബീര്‍ ഇപ്പോള്‍ അമേരിക്കയിലാണ്. ഹോട്ടലിന്റെ അമേരിക്കന്‍ പ്രവര്‍ത്തനങ്ങളുടെ തലവനാണ്. രണ്ട ആണ്മക്കളെയും നഷ്ടമായ അദ്ദേഹത്തിന് ഇപ്പോള്‍ ദിവസങ്ങള്‍ സ്നേഹഭരിതമാക്കാന് ഒരു മകളുണ്ട്.






