
തലമുടി മിനുസമുള്ളതും ഭംഗിയുള്ളതുമാക്കാന്‍ പതിവായി ഷാംപുവും കണ്ടീഷ്നറും ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍ ചര്‍മ്മത്തിനും തലമുടിയ്ക്കും ചേരാത്ത, കെമിക്കലുകള്‍ അടങ്ങിയ ഷാംപു ഉപയോഗിച്ചാല്‍ മുടി കൊഴിച്ചിലായിരിക്കും ഫലം.
മുടിയുടെ സ്വഭാവമറിയാം
തലമുടിയുടെ സ്വഭാവമറിഞ്ഞു വേണം ഷാംപു ഉപയോഗിക്കാന്‍. അമിതമായി വരള്‍ച്ചയോ എണ്ണമയമോ ഇല്ലാത്ത മുടി സാധാരണ മുടിയുടെ ഗണത്തില്‍ പെടും. എണ്ണ തേച്ചില്ലെങ്കില്പ്പോലും ചര്‍മ്മത്തോട് ചേര്‍ന്ന് ഒട്ടിയിരുന്നാല്‍ എണ്ണമയമുള്ള മുടിയായിരിക്കും. എത്ര എണ്ണ തേച്ചാലും പാറി പറന്നു കിടക്കുന്നത് വരണ്ട മുടിയാണ്.
അന്തരീക്ഷത്തിലെ പൊടിയും പുകയും മൂലം തലമുടിയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ഒരുപരിധി വരെ ഗുണമേന്മയുള്ള ഷാംപുവിനാകും. മൂന്നു ദിവസം കൂടുമ്പോള്‍ ഷാംപു ഉപയോഗിക്കുന്നതാണ് നല്ലത്.
തലമുടിയുടെ അറ്റം പിളരുക, മുടി വിണ്ടു കീറുക, നൂറിലേറെ മുടി ഒരു ദിവസം കൊഴിയുക ഇത്തരം പ്രശ്നങ്ങളുണ്ടായാല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഷാംപുവും കണ്ടീഷ്ണറും ഉപയോഗിക്കണം. കെരാറ്റിന്‍ ട്രീറ്റ്മെന്റ്, സ്മൂതനിങ് തുടങ്ങിയവ പരീക്ഷിച്ച മുടിയില്‍ അതിനുവേണ്ടിയുള്ള ഷാംപൂ ഉപയോഗിക്കണം.
ഓയില്‍ മസാജ്
ഷാംപു പുരട്ടുന്നതിന് മുന്‍പ് 15 മിനിറ്റ് ഓയില്‍ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. വെളിച്ചെണ്ണയ്ക്കു പകരം ഒലീവ് ഓയില്‍, ബദാം ഓയില്‍, തേങ്ങാപ്പാല്‍ എന്നിവയെല്ലാം മസാജിങ്ങിനായി ഉപയോഗിക്കാം. ചൂടാക്കിയ തവിയിലൊഴിച്ചും അല്ലാതെയും എണ്ണ മസാജിനായി ഉപയോഗിക്കാം. വരണ്ട മുടിയാണെങ്കില്‍ ഷാംപു ഉപയോഗിച്ച് കുളി കഴിഞ്ഞ ശേഷം ഒന്നോ രണ്ടോ തുള്ളി ഓയില്‍ കൈകളില്‍ പുരട്ടി മുടിയിഴകള്‍ക്കിടയില്‍ മസാജ് ചെയ്യാം.
ഷാംപു ചെയ്യാം
കഴുത്തിന്റെ പിന്‍ഭാഗത്തു നിന്നു തുടങ്ങി മുകളിലേക്ക് പുരട്ടുന്നതാണ് ഷാംപു ചെയ്യുന്ന ശരിയായ രീതി. എന്നും ഒരേ ഭാഗത്തു തന്നെ ഷാംപു പുരട്ടി തുടങ്ങുന്നത് ആ ഭാഗത്തെ മുടി കൊഴിഞ്ഞു പോകാന്‍ കാരണമാകും.
വിരലിന്റെ അഗ്രം കൊണ്ട് ഷാംപു പുരട്ടുക. ഷാംപു ചെയ്തശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകണം. ഷാംപു ഉപയോഗിക്കുമ്പോള്‍ മുടിയേക്കാളും ശിരോ ചര്‍മത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. തലയോട്ടിയിലും മുടിയിലും പതിപ്പിച്ച ഷാംപു രണ്ടു മിനിറ്റ് കഴിയുമ്പോള്‍ കഴുകാം. തലമുടിയില്‍ ശക്തമായി വെള്ളം ഒഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.
കണ്ടീഷ്നര്‍
ഷാംപു കഴുകിയശേഷം മുടിയിലെ പത പൂര്‍ണമായും പോയി എന്ന് ഉറപ്പു വരുത്തിയിട്ടേ കണ്ടീഷ്നര്‍ ഉപയോഗിക്കാവൂ. നനഞ്ഞ മുടിയിലെ വെള്ളം കൈകള്‍ കൊണ്ട് പൂര്‍ണമായും കളഞ്ഞശേഷം വേണം കണ്ടീഷ്നര്‍ പുരട്ടാന്‍. തലയോട്ടിയില്‍ തൊടാതെ മുടിയുടെ വേരിന്റെ തുടക്കം മുതല്‍ അറ്റത്തേക്കു പുരട്ടാം. തല കുനിച്ചു കണ്ടീഷ്നര്‍ പുരട്ടുന്നതായിരിക്കും നല്ലത്. മൂന്നു മിനിറ്റുവരെ ഇത് മുടിയില്‍ നിലനിര്‍ത്താം.
വിടര്‍ത്തി ഉണക്കാം
മുടിയില്‍ നിന്ന് കണ്ടീഷ്നറിന്റെ അംശം പൂര്‍ണ്ണമായും പോകുന്നതുവരെ വെള്ളമൊഴിച്ച് കഴുകാം. മുടി ഉണങ്ങിയശേഷം കോട്ടന്‍തുണി ഉപയോഗിച്ച് മൃദുവായി തുടച്ച് നനവ് മാറ്റാം. ഷാംപു വാഷ് ചെയ്തശേഷം മുടി വിടര്‍ത്തിയിട്ട് ഉണക്കാനും ശ്രദ്ധിക്കുക.
വേനലില്‍ കരുതലോടെ
മുടിയില്‍ എണ്ണമയം നിറയുന്നത് ഒട്ടും ഗുണകരമല്ല. പക്ഷെ മുടികളില്‍ എങ്ങനെയെങ്കിലും എണ്ണ മയം ഉണ്ടാവുകയും വേണം. അതിനാല്‍ ഓയില്‍ അടങ്ങിയ ഷാംപു, കണ്ടീഷ്ണര്‍ എന്നിവ ഉപയോഗിക്കുക. ഷാംപു ഉപയോഗിച്ച ശേഷം കണ്ടീഷ്ണര്‍ ഇട്ട് കഴുകിയാല്‍ മുടിയിഴകളെ കൂടുതല്‍ സുന്ദരമാക്കാം. അര്‍ഗന്‍ ഓയില്‍ നിറഞ്ഞ ഷാംപുവും കണ്ടീഷണറും ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
വീട്ടിലുണ്ടാക്കാം കണ്ടീഷ്നര്‍
വീട്ടില്‍ നിന്നു തന്നെ ലളിതമായി എളുപ്പത്തില്‍ നിങ്ങളുടെ മുടിയെ സൗന്ദര്യത്തോടെ നിലനിര്‍ത്താനായി തയാറാക്കാവുന്ന ചില കണ്ടീഷ്ണറുകള്‍ ഇതാ.
അവക്കാഡോ വാഴപ്പഴം കണ്ടീഷനര്‍
ഒരു അവോക്കാഡോ എടുത്ത് തൊലികളഞ്ഞ് പകുതിയായി മുറിക്കുക (മുടിയുടെ നീളം അനുസരിച്ച് ഒരു മുഴുവന്‍ അവക്കാഡോ ഉപയോഗിക്കാം). അത് പേസ്റ്റ് ആകുന്നതുവരെ ചതയ്ക്കുക. അരകഷണം വാഴപ്പഴം എടുത്ത് ഏകദേശം രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. അവക്കാഡോ പേസ്റ്റുമായി ഇത് നന്നായി ഇളക്കുക. അതിനുശേഷം ഒരു മുട്ട എടുത്ത് വാഴപ്പഴവും അവക്കാഡോ മിശ്രിതവും മൃദുവാകുന്നതുവരെ ബ്ലെന്‍ഡറില്‍ അടിക്കുക.
മുടിയുടെ മുകളിലെ ഭാഗത്ത് നിന്ന് അവക്കാഡോ വാഴപ്പഴം കണ്ടീഷ്നര്‍ പ്രയോഗിക്കാന്‍ ആരംഭിക്കുക. തലയോട്ടിയില്‍ ഇത് പുരളാതിരിക്കാന്‍ ശ്രദ്ധിക്കുക. ഏകദേശം 10 മിനിറ്റ് കണ്ടീഷ്നര്‍ ഉണങ്ങാന്‍ വിട്ട് മുടി വെള്ളത്തില്‍ കഴുകാം.
വിനാഗിരി മുട്ട കണ്ടീഷനര്‍
2 3 മുട്ടയുടെ മഞ്ഞക്കരു നന്നായി അടിച്ചെടുക്കുക. ഏകദേശം നാല് ഔണ്‍സ് വിനാഗിരി, അഞ്ച് ഔണ്‍സ് നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ഇളക്കുക. ഒരേസമയം എട്ട് ഔണ്‍സ് ഒലിവ് ഓയിലും 22 3 ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ഇത് ഒരു ബ്ലെന്‍ഡറില്‍ നന്നായി മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് ആക്കി മാറ്റുക.
വിനാഗിരി, മുട്ട കണ്ടീഷ്നര്‍ പേസ്റ്റ് എടുത്ത് മുടിയുടെ അഗ്ര ഭാഗങ്ങളില്‍ പുരട്ടുക. ഇത് പ്രയോഗിച്ചതിന് ശേഷം ഏകദേശം 1015 മിനിറ്റ് കണ്ടീഷ്നര്‍ ഉപേക്ഷിച്ച് തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. മുട്ട നല്ല കണ്ടീഷ്ണറായി പ്രവര്‍ത്തിക്കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നതാണ്.
വെളിച്ചെണ്ണ തേന്‍ കണ്ടീഷനര്‍
ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, രണ്ട് ടേബിള്‍സ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ എടുക്കുക. അവയെല്ലാം നന്നായി കലര്‍ത്തി ഷാംപു ചെയ്ത മുടിയില്‍ പുരട്ടുക. ഏകദേശം 1015 മിനിറ്റ് ശേഷം വെള്ളത്തില്‍ കഴുകുക. വെളിച്ചെണ്ണ നിങ്ങളുടെ മുടി മിനുസമാര്‍ന്നതാക്കുന്നു. മുടി നീളവും ഉള്ളും ഉണ്ടാകാന്‍ ഇത് സഹായിക്കുന്നു. വെളിച്ചെണ്ണയിലെ അവശ്യ ധാതുക്കളും ഫാറ്റി ആസിഡുകളും തലയോട്ടിയെ പോഷിപ്പിക്കുന്നു.
കറ്റാര്‍വാഴ ഹെയര്‍ കണ്ടീഷനര്‍
ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും കുറഞ്ഞത് നാല് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും എടുത്ത് നന്നായി ഇളക്കുക. ഇത് നിങ്ങളുടെ ഷാംപു ചെയ്ത മുടിയില്‍ പുരട്ടി അഞ്ച് മിനിറ്റ് കാത്തിരിക്കുക. ശേഷം ഇളം ചൂടു വെള്ളത്തില്‍ കഴുകിക്കളയുക. കറ്റാര്‍ വാഴ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും അവയ്ക്ക് തിളക്കം നല്‍കുകയും ചെയ്യും.