
കാസാ റൊസാഡയുടെ വളപ്പിനു വെളിയില്‍ ഡീഗോ കബ്രാളിനെ കണ്ട അന്റോണിയോ ആവിലയ്ക്ക് വിതുമ്പലടക്കാനായില്ല. 10 എന്ന വലിയ അക്കം കുറിച്ച ജഴ്സിയുമണിഞ്ഞ് തല കുമ്പിട്ട് വിതുമ്പിക്കരയുകയായിരുന്ന കബ്രാളിനെ അന്റോണിയോ ചേര്‍ത്തു പിടിച്ചു, പിന്നെ അവന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് അയാള്‍ അലറി വിളിച്ചു 'മി ദിയോസ്, മി ദിയോസ്...'(എന്റെ ദൈവമേ, എന്റെ ദൈവമേ). ആയിരക്കണക്കിന് ഹൃദയങ്ങളില്‍ നിന്നുയരുന്ന വിലാപസ്വരങ്ങള്‍ അലയടിച്ചുയരവേ, അവരുടെ ദൈവം ബ്യൂണസ് അയേഴ്സിലെ ആ കൂറ്റന്‍ കെട്ടിടത്തിനുള്ളില്‍ ഉറങ്ങുകയായിരുന്നു. ലോകമാകുന്ന ഫുട്ബോള്‍ കളത്തില്‍ നിന്ന് ലോങ്ങ് വിസില്‍ കേട്ടു മടങ്ങിയ ഉറക്കം.
ഇതിനു മുന്‍പ് അന്റോണിയോയും കബ്രാളും കണ്ടു മുട്ടിയത് ഒരു വര്‍ഷം മുന്‍പ് കാസാ റൊസാഡയില്‍ നിന്ന് നാലു കിലോമീറ്റര്‍ മാത്രം അകലെയുള്ള ആല്‍ബര്‍ട്ടോ ജെ. അര്‍മാന്‍ഡോ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു. ബോക്കാ ജൂനിയേഴ്സിന്റെ ആരാധകനായ കബ്രാളും റിവര്‍ പേ്ലറ്റിന്റെ ആരാധകനായ അന്റോണിയോയും അന്ന് പിരിഞ്ഞത് പൊരിഞ്ഞ അടിക്കു ശേഷവുമായിരുന്നു! അതങ്ങനെയാണ്, ബോക്കായും റിവര്‍ പേ്ലറ്റും തമ്മിലുള്ള സൂപ്പര്‍ ക്ലാസിക്കോ മത്സരം കഴിഞ്ഞാലുടന്‍ ഇരുവരും തമ്മില്‍ അടി ഉറപ്പ്, ഏതു ടീം ജയിക്കുന്നുവെന്നത് ഇരുവര്‍ക്കും പ്രശ്നമേയല്ല. അതിനും ഒരു മാസം മുന്‍പ് റിവര്‍ പേ്ലറ്റിന്റെ അന്റോണിയോ വെസ്പൂസിയോ സ്റ്റേഡിയത്തില്‍ വച്ചും 'സൂപ്പര്‍ ക്ലാസിക്കോ തല്ല്' അരങ്ങേറിയിരുന്നു. എന്നാല്‍, ഇന്ന് അങ്ങനെയല്ല, ഇരുവരുടെയും ദൈവമാണ് നിത്യനിദ്രയില്‍ ഏതാനും വാര അകലെയുള്ളത്. കാല്പന്തുകളിയുടെ സുല്‍ത്താന്‍ ഡീഗോ അര്‍മാന്‍ഡോ മാറഡോണ ഒരു മാന്ത്രികന് കൂടിയായിരുന്നു, ശത്രുക്കളെ പോലും ഒരുമിപ്പിക്കുന്ന മന്ത്രശക്തി കൈമുതലായുള്ളവന്!
ബ്രസീല്‍ കോച്ചിനും മാറഡോണ ജഴ്സി
അര്‍ജന്റീനയിലെ ചിരവൈരികളെ ഒന്നിപ്പിച്ചതു പോലെ അര്‍ജന്റീനയുടെ എക്കാലത്തെയും ശത്രുവായ ബ്രസീലിലും മാറഡോണയുടെ മരണം അത്ഭുതങ്ങളൊരുക്കി. ജെര്‍മിയോ ക്ലബ്ബിന്റെ കോച്ച് റെനറ്റോ ഗൗച്ചോ കഴിഞ്ഞ വ്യാഴാഴ്ച കളിക്കളത്തിലെത്തിയത് അര്‍ജന്റീനയുടെ നീലയും വെള്ളയും ജഴ്സി ധരിച്ച്. മാറഡോണയുടെ പത്താം നമ്പര്‍ ജഴ്സിയായിരുന്നു റെനറ്റോ ധരിച്ചത്.
ഡീഗോ ജനങ്ങളുടേതാണ്
കാസാ റൊസാഡ കൊട്ടാരത്തില്‍ പതിനായിരങ്ങളാണ് മാറഡോണയ്ക്ക് അന്ത്യാഞ്ജലിയര്പിക്കാനെത്തിയത്. അതിനിടെ പെട്ടെന്നായിരുന്നു പൊതുദര്‍ശനം അവസാനിപ്പിക്കാനും സംസ്കാരം നടത്താനും കുടുംബം തീരുമാനിച്ചത്. അനേകം പേര് കാത്തു നില്‍ക്കെ കൊട്ടാരത്തിന്റെ പിന്‍വാതിലിലൂടെ മൃതദേഹപേടകവും വഹിച്ച് വിലാപ യാത്ര നീങ്ങി. വാഹനം ഓടി മറയുന്നതു കണ്ടപ്പോള്‍ ആര്‍ത്തലച്ചവര്‍ നിരവധിയാണ്, കാരണം അവര്‍ക്ക് ഒരു നിമിഷം അന്ത്യാഞ്ജലിയര്‍പ്പിക്കാനുള്ള അവസരമാണ് ഇല്ലാതാകുന്നത്. അവര്‍ ആര്‍ത്തു വിളിച്ചു 'ഡീഗോ ജനങ്ങളുടേതാണ്'.
എന്നും സാധാരണ ജനങ്ങള്‍ക്കൊപ്പം മനസ്സിനെ ചേര്‍ത്തു നിര്‍ത്തിയ മാറഡോണ ജനങ്ങളുടെതല്ലാതെ മറ്റാരുടെയാണ്? അര്‍ജന്റീനയുടെ തെരുവോരത്തു നിന്നു ജീവിതം തുടങ്ങിയ ഡീഗോ ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം നിലകൊണ്ടു. ലാറ്റിനമേരിക്കയുടെ വിപ്ലവ നായകന് ചെ ഗുവേരയെ ആരാധിച്ചു, ഫിഡല്‍ കാസ്ട്രോയെ പിതാവിനെ പോലെ കരുതി, പലസ്തീന് ജനതയെ സ്വന്തക്കാരെന്നു പ്രഖ്യാപിച്ചു.
മഡ്രേസിന്റെ കൈലേസ്
അന്ത്യദര്ശന സമയത്ത് മാറഡോണയുടെ മൃതദേഹ പേടകത്തില്‍ ജഴ്സികള്‍ പുതപ്പിച്ചിരുന്നു. അര്‍ജന്റീനയുടെ ദേശീയ ടീമിന്റെയും ജൂനിയര്‍ ടീമിന്റെയും ജഴ്സികള്‍. ജൂനിയര്‍ ടീമിന്റെ ജഴ്സി പേടകത്തില്‍ വച്ചതിനൊപ്പം അര്‍ജന്റീനാ പ്രസിഡന്റ് ആല്ബെര്ടോ ഫെര്‍ണാണ്ടസ് രണ്ട് കൈലേസുകളും ഒപ്പം വച്ചു. മനുഷ്യാവകാശ സംഘടനയായ മദര്‍ ഓഫ് ദ പ്ലാസ ഡി മേയോ (മഡ്രേസ്)യുടെ അംഗങ്ങളായ അമ്മമാര്‍ സൂക്ഷിച്ചിരുന്ന തരം കൈലേസുകളായിരുന്നു അവ. 1976 മുതല്‍ 1983 വരെ അര്‍ജന്റീനയിലെ ലഫ്റ്റനന്റ് ജനറല്‍ ഹോര്‍ഹെ റാഫേല്‍ വിദേലയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരേ ചെറുത്തു നില്പ് നടത്തിയ സംഘടനയായിരുന്നു മഡ്രേസ്. പട്ടാള ഭരണകൂടം പിടിച്ചുകൊണ്ടു പോയ ചെറുപ്പക്കാരെ വിട്ടുകിട്ടാനായി അവര്‍ ബ്യൂണസ് അയേഴ്സിലെ പ്ലാസ ഡി മേയോയില്‍ പ്രക്ഷോഭം നടത്തുമ്പോള്‍ അണിയുന്ന ഇനം കൈലേസുകളായിരുന്നു പ്രസിഡന്റ് സമര്‍പ്പിച്ചത്. മഡ്രേസിനും അതു പോലെയുള്ള മനുഷ്യാവകാശ സംഘടനകള്‍ക്കും ഒപ്പം നിന്നതായിരുന്നു മാറഡോണയുടെ യുവത്വം.
നാപ്പോളിയുടെ 11 മാറഡോണമാര്
നാപ്പോളി ഫുട്ബോള്‍ ക്ലബ്ബിനെ ഇറ്റാലിയന്‍ ഫുട്ബോളിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ താരമായിരുന്നു മാറഡോണ. എ.സി. മിലാന്, ഇന്റര്‍ മിലാന്, റോമ, യുവന്റസ് തുടങ്ങിയ വമ്പന്‍ ടീമുകള്ക്കടിയില് ഒതുങ്ങിക്കഴിഞ്ഞിരുന്ന നാപോളിയെ തന്റെ ഇടതുകാലിന്റെ ബലത്തില്‍ മാറഡോണ ചാമ്പ്യന്‍ ക്ലബ്ബാക്കി മാറ്റി. ഇതോടെ അര്‍ജന്റീനയ്ക്കു വെളിയില്‍ മാറഡോണയുടെ രണ്ടാം വീടായി നാപ്പോളി.
മാറഡോണ കളമൊഴിഞ്ഞതിന്റെ പിറ്റേന്ന് നാപ്പോളിക്ക് യൂറോപ്പാ ലീഗില്‍ ക്ര?യേഷ്യന്‍ ടീമായ റിയേക്കയ്ക്ക് എതിരേ കളിയുണ്ടായിരുന്നു. നാപ്പോളിയുടെ കളിക്കാരെല്ലാം എത്തിയത് മാറഡോണ എന്നെഴുതിയ പത്താം നമ്പര്‍ ജഴ്സിയുമായി. ഒരുകാലത്ത് താഴേക്കിടയിലായിരുന്ന ടീമിന് പുനര്ജന്മം നല്കിയ മിശിഹായ്ക്ക് ഉചിതമായ സ്മരണാഞ്ജലി നല്‍കിക്കൊണ്ട് നാപ്പോളി റിയേക്കയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്പിച്ചു.
11000 കിലോമീറ്റര്‍ അകലെ മാറഡോണ അന്ത്യനിദ്രയിലായിരിക്കെ മാറഡോണയ്ക്ക് ആദരാഞ്ജലി അര്‍പിച്ച് നാപ്പോളിക്കാര്‍ വിജയ രാവില്‍ ഉറങ്ങാതിരുന്നു. നാപ്പോളിയുടെ ജഴ്സിയണിഞ്ഞ് തെരുവിലിറങ്ങിയവരില്‍ മാറഡോണമാര് അനേകമുണ്ടായിരുന്നു. കാരണം, മാറഡോണ അവിടെയുണ്ടായിരുന്ന ഏഴുവര്‍ഷവും അവിടെ ജനിച്ച മിക്ക കുഞ്ഞുങ്ങള്‍ക്കും പേര് മാറഡോണയെന്നായിരുന്നു.
പത്താം മിനിറ്റും പത്തു മണിയും
ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗ് ആയ സീരി എ ഒരുകാലത്ത് ശ്രദ്ധയാകര്‍ഷിച്ചിരുന്നത് മാറഡോണ എന്ന പ്രതിഭയിലൂടെയായിരുന്നു. നാപ്പോളിയില്‍ മാറഡോണ കളിച്ചിരുന്ന കാലം സീരി എയുടെയും പുഷ്കല നാളുകളായിരുന്നു.
ചാമ്പ്യന്‍ഷിപ്പില്‍ അനേകം അവിസ്മരണീയ നിമിഷങ്ങളൊരുക്കിയ മാറഡോണയ്ക്ക് വ്യത്യസ്തമായ കൃതജ്ഞതയര്‍പ്പിക്കുകയാണ് സീരി എ.
ചാമ്പ്യന്‍ഷിപ്പിലെ ഓരോ മത്സരത്തിന്റെയും പത്താം മിനിറ്റില്‍ കളി നിര്‍ത്തും. പിന്നെ ഒരു മിനിറ്റ് ഏവരും അദ്ദേഹത്തിന്റെ ഓര്‍മയില്‍ മുഴുകും. കളിക്ക് മുന്‍പും ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. കളി തുടങ്ങുന്നതിനു മുന്‍പ് മാറഡോണയുടെ 1989-ലെ ഒരു വീഡിയോ എല്ലാ സ്റ്റേഡിയത്തിലും പ്രദര്‍ശിപ്പിക്കും.
മാറഡോണ വിടവാങ്ങിയ ബുധനാഴ്ച രാത്രി പത്തു മണിക്ക് അര്‍ജന്റീനയിലെ ജനത ഒരുമിച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു. വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയും കൈയടിച്ചും ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയുമൊക്കെയായിരുന്നു അവര്‍ ആദരവ് പ്രകടിപ്പിച്ചത്. പ്രശസ്തമായ ആ പത്താം നമ്പര്‍ ജഴ്സിയുടെ സ്മരണാര്‍ഥമായിരുന്നു പത്തു മണി തെരഞ്ഞെടുത്തത്.
ഞാന്‍ ഫുട്ബോളിനെ സ്നേഹിച്ചു
ഒരുകാലത്ത് ടെലിവിഷന്‍ അവതാരകനുമായിരുന്നു മറഡോണ. ല നോച്ചെ ഡെല്‍ 10 എന്ന ടെലിവിഷന്‍ പരിപാടിയില്‍ അനേകം സെലിബ്രിറ്റികള്‍ മാറഡോണയുമായി സംസാരിക്കാനെത്തി.
അതില്‍ ഒരു ദിവസം മാറഡോണയ്ക്കു നേരേ ഒരു ചോദ്യം വന്നു. "നിങ്ങളുടെ ശവസംസ്കാരച്ചടങ്ങില്‍ പ്രസംഗിക്കേണ്ടി വന്നാല്‍ എന്തായിരിക്കും പറയുക?"
" ഫുട്ബോള്‍ കളിക്കാനായതിനു നന്ദി. എനിക്ക് ഏറ്റവും സന്തോഷവും സ്വാതന്ത്ര്യവും തന്നത് ഫുട്ബോളാണ്. എന്റെ കൈ കൊണ്ട് ആകാശത്തെ തൊടുന്നതു പോലെയായിരുന്നു അത്. പന്തിന് വളരെ നന്ദി." എന്നു മറുപടി പറയാന്‍ മാറഡോണയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. തന്റെ കല്ലറയിലും ഈ വാക്കുകള്‍ കുറിച്ചിടണമെന്നു പറയാനും അദ്ദേഹം മറന്നില്ല.
ഇ. പി ഷാജുദ്ദീന്‍



