
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ നിന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് വിലക്ക്. യോഗ്യതയില്ലാത്ത ആളെ നിയമിക്കല്‍, കരാര്‍ വ്യവസ്ഥകളിലെ ഗുരുതര വീഴ്ച എന്നിവ ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള കെ-ഫോണ്‍ കരാറും പുതുക്കി നല്‍കില്ല.
സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പിഡബ്ലൂസിക്കെതിരെ അന്വേഷണം ആരംഭിക്കുന്നത്. പിഡബ്ലൂസി വഴിയാണ് സ്വപ്നയെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനു കീഴില്‍ നിയമിക്കുന്നത്. കേസില്‍ സ്വപ്ന സുരേഷ് പ്രതിയായതോടെ നിയമനവും വിവാദമായി. സ്വപ്നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു കണ്ടെത്തിയതും പിഡബ്ലൂസിയെ പ്രതിരോധത്തിലാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിഡബ്ലൂസിക്ക് വിലക്കേര്‍പ്പെടുത്തിയതു സംബന്ധിച്ച ഉത്തരവു പുറത്തിറങ്ങുന്നത്. നേരത്തെതന്നെ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്നും പിഡബ്ലൂസിയെ ഒഴിവാക്കിയിരുന്നു.






