
ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ട് സിബിഐ അന്വേഷണത്തിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അന്വേഷണം സിബിഐയ്ക്ക് കൈമാറിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരി വെച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ കൈമാറാന്‍ കോടതി ആവശ്യപ്പെട്ടു.
കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കാണിച്ച നേരത്തേ സംസ്ഥാനം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി സിംഗിള്‍ ബഞ്ച് സിബിഐ അന്വേഷണം ശരി വെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി സിംഗിള്‍ ബഞ്ച് കഴിഞ്ഞ വര്‍ഷമാണ് ഉത്തരവിട്ടത്.
തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ അന്വേഷണം ആരംഭിച്ചതായി സിബിഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ആവര്‍ത്തിച്ച ആവശ്യപ്പെട്ടിട്ടും കേസിന്റെ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്നും അതിനാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും സിബിഐ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയ്ക്ക് വിധി തിരിച്ചടിയായെന്ന് കൊല്ലപ്പെട്ട ശരത്ലാലിന്റെ പിതാവ്. പ്രതികരിച്ചു. സര്‍ക്കാരിന്റെ കള്ളക്കാളി പൊളിഞ്ഞെന്നും സംസ്ഥാന സര്‍ക്കാരിന് സിബിഐയെ സ്വാധീനിക്കാനാകില്ലെന്നും പറഞ്ഞു. അതേസമയം സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും സിബിഐയ്ക്ക് ആരെ വേണമെങ്കിലും പ്രതിയാക്കാമെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നുമാണ് സിപിഎം കാസര്‍ഗോഡ് ജില്ലാക്കമ്മറ്റിയുടെ പ്രതികരണം.






