
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയ്ക്കെതിരായ പ്രസ്താവനകളെ സി.പി.എം. സെക്രട്ടേറിയറ്റ് യോഗം പരസ്യമായി തള്ളിപ്പറഞ്ഞു. പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നെന്നും എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്നും യോഗത്തിനു ശേഷം വാര്‍ത്താക്കുറിപ്പ് ഇറക്കിയതോടെ ധനമന്ത്രി ഡോ. തോമസ് ഐസക് ഒറ്റപ്പെട്ടു. നേരത്തേ ഐസക്കിനു പിന്നാലെ വിജിലന്‍സിനെ വിമര്‍ശിച്ച ആനത്തലവട്ടം ആനന്ദന് ഒപ്പം പെട്ടു.
തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വിജിലന്‍സ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണമായും ന്യായീകരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഇന്നലെ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. പി.ബി. അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്, എസ്. രാമചന്ദ്രന് പിള്ള, എം.എ. ബേബി എന്നിവരും പങ്കെടുത്ത യോഗം ഐസക്കിനും ആനത്തലവട്ടത്തിനും ശാസനാസ്വരത്തില്‍ മുന്നറിയിപ്പു നല്കി. തങ്ങളുടെ ഭാഗത്തു പിശകുണ്ടായെന്ന് ഇരുവരും ഏറ്റുപറഞ്ഞു. വിവാദം ക്ഷണിച്ചുവരുത്തിയതിനോടു കേന്ദ്രനേതൃത്വം വിയോജിച്ചതും ഐസക്കിനു തിരിച്ചടിയായി.
വിവാദം ആഗ്രഹിച്ചിരുന്നില്ലെന്നും തന്റെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരായ വ്യാഖ്യാനിക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും യോഗത്തില്‍ ഐസക് ഏറ്റുപറഞ്ഞു. ഇ.ഡിയുടെയും മറ്റും നടപടികള്‍ക്കിടെ വിജിലന്‍സും ധനവകുപ്പിനെതിരേ തിരിയുന്നെന്ന ചിന്തയില്‍ െവെകാരികമായി പ്രതികരിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചു. വിജിലന്‍സ് പരിശോധനയെ ചിലര്‍ കെ.എസ്.എഫ്.ഇയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ചപ്പോഴാണ് എതിര്‍ത്തതെന്ന് ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
വിജിലന്‍സ് പരിശോധന സാധാരണ നടപടിക്രമമായിരുന്നെന്നും അതിനെതിരേ ബഹളം വയ്ക്കേണ്ടിയിരുന്നില്ലെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പുവേളയില്‍ എതിരാളികള്‍ക്ക് ആയുധം ഇട്ടുകൊടുക്കുന്ന നിലപാട് ഉണ്ടാകരുതായിരുന്നെന്നായിരുന്നു യോഗത്തിലെ പൊതു അഭിപ്രായം.
ഐസക്കിന്റെ ഘടകം കേന്ദ്ര കമ്മിറ്റിയും ആനത്തലവട്ടത്തിന്റേത് സംസ്ഥാന കമ്മിറ്റിയുമായതിനാല് സെക്രട്ടേറിയറ്റ് യോഗത്തിനു സാങ്കേതികമായി അച്ചടക്കനടപടി സാധ്യമല്ല. എന്നാല്‍ ഇവരുടെ നിലപാടു തള്ളി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അച്ചടക്ക നടപടിയുടെ പ്രതീതിയുണ്ടാക്കി. സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഇ.പി. ജയരാജന്, കെ. സുധാകരന് തുടങ്ങിയവര്‍ ഐസക്കിനെതിരേ പുറത്തും വിമര്‍ശനമുയര്‍ത്തി.






