
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ സി.ബി.ഐ. അന്വേഷണത്തിനെതിരായ നീക്കം വീണ്ടും പാളിയത് ഭരണത്തിന്റെ അവസാന പാദത്തില്‍ പിണറായി സര്‍ക്കാരിനെ തിരുത്താനൊരുങ്ങുന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തിന് പുതിയ ആയുധമായി.
കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാദമാക്കിയത് തെറ്റായ സമയത്താണെന്ന് പിണറായിയെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുമ്പോള്‍, നാളിതുവരെ മൗനം പാലിച്ച പാര്‍ട്ടി നേതൃത്വത്തിന് സര്‍ക്കാരിനുമേല്‍ നേരത്തെതന്നെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നതായും വിലയിരുത്തല്‍.
പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് വിമര്‍ശന ശബ്ദം ഉയരുന്നത്. കെ.എസ്.എഫ്.ഇ. വിവാദം ഒരു നിമിത്തം മാത്രം. സര്‍ക്കാരിനെതിരേ വിവാദ വിഷയങ്ങള്‍ ഉയര്ന്നുവന്നപ്പോളൊന്നും പാര്‍ട്ടി ഇതുവരെ സംഘടനാപരമായോ രാഷ്ട്രീയപരമായോ ചര്‍ച്ച നടത്തിയിട്ടില്ല.
ജോസ് കെ. മാണി വിഷയത്തിലും സ്പ്രിംഗ്ലര്‍ വിവാദത്തിലും ഏകപക്ഷീയ തീരുമാനങ്ങളാണുണ്ടായത്. സ്പ്രിംഗ്ലര്‍ കരാര്‍ മന്ത്രിസഭയുടെ തീരുമാനമെന്ന നിലയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന് കരുതുന്നവരുണ്ട്.
ഇടതുപക്ഷ നയത്തിന് വിരുദ്ധമായ തീരുമാനങ്ങള്‍ ഉണ്ടായപ്പോഴൊന്നും പാര്‍ട്ടി ഇടപെട്ടില്ല. റൂള്‍സ് ഓഫ് ബിസിനസ് പാലിക്കാതെയും പൊളിറ്റിക്കല്‍ സെക്രട്ടറി മുതലുള്ള നിയമനങ്ങളില്‍ ശ്രദ്ധിക്കാതെയും മുന്നോട്ടുപോയി. നെല്‍വയല്‍ നികത്തല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കല്‍, മാവോയിസ്റ്റ് വേട്ട, കണ്‍സള്‍ട്ടന്‍സി വിവാദം എന്നിവയിലെല്ലാം പാര്‍ട്ടി നയത്തിനെതിരായ തീരുമാനങ്ങള്‍ നടപ്പാക്കപ്പെട്ടു. ഇവയെ പിന്നീട് ന്യായീകരിക്കേണ്ടിയുംവന്നു.
എന്നാല്‍, വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണകാര്യങ്ങളില്‍ സി.പി.എമ്മിന്റെ മേല്‍നോട്ടവും പരിശോധനയും കര്‍ശനമായിരുന്നു. വി.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി നിയമനങ്ങള്‍, ഓഫീസിന്റെ പ്രവര്‍ത്തനം, സ്റ്റാഫിനെ സംബന്ധിച്ച അന്വേഷണ കമ്മിഷന്, റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്റ്റാഫിനെ പുറത്താക്കല്‍ എന്നിവ നേരിട്ട സര്‍ക്കാരായിരുന്നു അത്. മന്ത്രിസഭാ യോഗത്തിനു മുമ്പ് അഞ്ചംഗ സമിതിയുടെ പരിശോധനയും വി.എസ്. സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിയിലുണ്ടായിരുന്നു.






