
തിരുവനന്തപുരം : ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ എണ്‍പത്തിയഞ്ചു മുതല്‍ നൂറു കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടുകൂടിയാണ് ബുറെവി മുല്ലത്തീവിലെ ത്രിങ്കോന്‍മാലയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെ കരയിലേക്ക് കടന്നിരിക്കുകയാണ്.
ശക്തമായ മഴയാണ് പ്രദേശത്ത് തുടരുന്നത്. കാറ്റിലും മഴയിലും മേഖലയില്‍ നാശനഷ്ടങ്ങളുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി. ചുഴലിക്കാറ്റ് ഉച്ചയോടെ ഗള്‍ഫ് ഓഫ് മാന്നാറിലേക്ക് നീങ്ങും.
പാമ്പന്‍പാലത്തിനും കന്യാകുമാരിക്കും ഇടയിലൂടെ ഇന്ന് രാത്രിയോടെ തമിഴ്നാട്ടിലേക്ക് കടക്കാനാണ് സാധ്യത. രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇവിടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി നാളെ തെക്കന്‍ കേരളത്തിലൂടെ അറബിക്കടലിലേക്കു നീങ്ങും. 4 തെക്കന്‍ ജില്ലകളില്‍ നാളെ 70 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ചുഴലിക്കാറ്റിന്റെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.
കാറ്റ് കന്യാകുമാരിയില്‍ നിന്നു തിരുവനന്തപുരത്തിന്റെ തീരപ്രദേശം വഴി അറബിക്കടലിലേക്കു കടക്കുമെന്നായിരുന്നു നേരത്തേ വിലയിരുത്തല്‍.
ഗതി കൂടുതല്‍ വടക്കോട്ടു മാറി തെക്കന്‍ കേരളം മുഴുവന്‍ കാറ്റിന്റെ പരിധിയില്‍ വരുമെന്ന് ഇന്നലെ വൈകിട്ടോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് (അതിതീവ്രമഴ); ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് (അതിശക്തമായ മഴ); തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ട് (ശക്തമായ മഴ). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ യെലോ അലര്‍ട്ട്. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും. ഉയര്‍ന്ന തിരമാലകള്‍ക്കും താഴ്ന്നയിടങ്ങളില്‍ കടലേറ്റത്തിനും സാധ്യതയുണ്ട്.





