
കണ്ണൂര്‍: ഡല്‍ഹിയിലെ കര്‍ഷക സമരം പ്രചാരണ വിഷയമാക്കി വയല്‍ക്കിളികളുടെ പ്രചാരണം. ഭരണമില്ലാത്ത ഇടങ്ങളില്‍ മാത്രമേ സി.പി.എമ്മിന് കര്‍ഷക താത്പര്യമുള്ളൂ എന്നാണു പ്രധാനപ്രചാരണം. വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരേ കണ്ണൂര്‍ കീഴാറ്റൂരില്‍ സമരത്തിന് നേതൃത്വം നല്കിയ വയല്‍ക്കിളികള്‍ തളിപ്പറമ്പ് നഗരസഭയിലേക്കാണു കീഴാറ്റൂര്‍ വാര്‍ഡില്‍നിന്നു മത്സരിക്കുന്നത്.
നിലവില്‍ എല്‍.ഡി.എഫിന് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷമുളള വാര്ഡാണിതെങ്കിലും പാരിസ്ഥിതിക മുദ്രാവാക്യങ്ങള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നതിനാണ് വയല്‍ക്കിളികളുടെ ശ്രമം. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരേ ചലോ ദില്ലി കര്‍ഷക മാര്‍ച്ചിന് നേതൃത്വം നല്കുന്ന സംഘടനകളിലെ അഖിലേന്ത്യാ കിസാന്‍ സഭക്കാര് കീഴാറ്റൂര്‍ വയലില്‍ വയല്‍ നികത്തൂ എന്നാവശ്യപ്പെട്ട് കുത്തിയ ചെങ്കൊടിയില്‍ ഒന്നു സൂക്ഷിച്ചു നോക്കണമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറയുന്നു.
സി.പി.എമ്മിനെ കീഴാറ്റൂര്‍ സമരത്തിന്റെ നാള്‍വഴികള്‍ ഓര്‍മപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെയും പോസ്റ്ററുകളിലൂടെയുമാണ് പ്രചരണം. ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കീഴാറ്റൂര്‍ സമരം കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുെമന്ന് വയല്‍ക്കിളികള്‍ പ്രതീക്ഷിക്കുന്നു. വയല്‍ നികത്തി ഹൈവേ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാണ് ഇന്നും വയല്‍ക്കിളികളുടെ ആവശ്യം. അതേ സമയം മുഴുവന്‍ കുടുംബങ്ങളും റോഡിനായി ഭൂമി വിട്ടുനല്‍കാന്‍ തയാറായിട്ടുമുണ്ട്. സമരത്തില്‍ പങ്കെടുത്ത 11 പാര്‍ട്ടി അംഗങ്ങളെ സി.പി.എമ്മില്‍നിന്നു പുറത്താക്കിയിരുന്നു. ഇവരാണ് വയല്‍ക്കിളികളുടെ നേതൃസ്ഥാനത്ത്.
നേരത്തേ അന്തിമ സര്‍വെ പൂര്‍ത്തിയാക്കി ദേശീയ പാതാ അഥോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ചാണ് കീഴാറ്റൂര്‍വഴി പുതിയ ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കം തുടങ്ങിയത്. വയലിലേക്ക് കടക്കാതെ നിര്‍ദേശിക്കപ്പെട്ട പാത കീഴാറ്റൂര്‍ വയല്‍ പ്രദേശത്തു കൂടി കൊണ്ടുപോകാനുള്ള സര്‍വേ നടപടിയില്‍ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ആരോപണത്തിനും അധികൃതര്‍ക്ക് മറുപടിയുണ്ടായില്ല. വയല്‍ വഴിയുളള പാത നിര്‍മാണത്തിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ആഘാതങ്ങളെപ്പറ്റി സമഗ്രമായ കണക്കെടുപ്പുപോലും നടത്തിയിരുന്നില്ല. കീഴാറ്റൂര്‍ സമരത്തിന് പിന്തുണയേകിയവരെ തീവ്രവാദികളായി ചിത്രീകരിക്കാനും ശ്രമം നടന്നു.
വികസനത്തിന് എതിരല്ല, പരിസ്ഥിതി തകര്‍ത്തു കൊണ്ടു മാത്രമേ തന്നെ വികസനം നടക്കൂ എന്ന ദുശാഠ്യത്തിനെതിരാണ് തങ്ങളുടെ ചെറുത്തു നില്പ്പെന്നു ചൂണ്ടിക്കാട്ടിയാണ് വയല്‍ക്കിളികളുടെ തെരഞ്ഞെടുപ്പ് പ്രചരണം ''വയല്‍ക്കിളികള്‍ ബൈപ്പാസിന് എതിരല്ല, വയലിനെ മണ്ണിട്ട് മൂടി മാത്രം നിര്‍മ്മിക്കാനുതകുന്ന ധാര്ഷ്ട്യത്തിനെയാണ് എതിര്‍ക്കുന്നത്. പാരിസ്ഥിതി സൗഹൃദ പാതകളാണ് പ്രകടന പത്രികയില്‍ മുന്നോട്ടുവയ്ക്കുന്നത്.'' സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
നെല്‍വയലുകള്‍ സംരക്ഷിക്കുമെന്നും പാടശേഖര സമിതികളെ ശക്തിപ്പെടുത്തുമെന്നുമാണ് തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനം. അന്നം തരുന്ന മണ്ണിന്റെ, വ്യാവസായിക മൂല്യം മനസിലാക്കിയവരുടെ കണ്ണിലെ പൊന്മുട്ടയിടുന്ന താറാവാണ് കീഴാറ്റൂര്‍ വയല്‍. വയലിലെ കളിമണ്ണ് ലാഭക്കൊതിയന്മാരുടെ ലക്ഷ്യമാണെന്നു വയല്‍ക്കിളികള്‍ ആരോപിക്കുന്നു.






