
ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ സഖ്യമായിട്ടാണ് ഒരുകാലത്ത് സ്പാനിഷ് വമ്പന്മാരായ ബാഴ്സിലോണയുടെ കുന്തമുനകളായ മെസ്സി - സുവാരസ് - നെയ്മര്‍ സഖ്യത്തെ പരിഗണിച്ചിരുന്നത്. ഈ കൂട്ടുകെട്ട് വീണ്ടും ഉണ്ടാകാന്‍ വഴിയില്ലെങ്കിലും ഇതിലെ മെസ്സിയും നെയ്മറും വീണ്ടും ഒരുമിച്ച് കളിക്കുമോ എന്നതാണ് ആരാധകരുടെ പുതിയ ചോദ്യം. കഴിഞ്ഞ ദിവസം യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി കീഴടക്കിയതിന് പിന്നാലെയാണ് ഈ ഗോസിപ്പുകള്‍ കളിയെഴുത്തുകാരുടെ പേജില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
ഈ സീസണ് അവസാനിക്കുന്നതോടെ ക്ലബ്ബ് വിടുന്ന മെസ്സി പിഎസ്ജിയിലേക്ക് കൂടുമാറിയേക്കും എന്ന തരത്തിലാണ് വാര്‍ത്തകള്‍. അടുത്ത സീസണില്‍ മെസ്സിയെ ബാഴ്സയുടെ കരാറില്‍ നിന്നും സ്വതന്ത്രനാക്കുമെന്ന് ബാഴ്സിലോണയുടെ ഇടക്കാല അദ്ധ്യക്ഷന്‍ കാര്‍ലോസ് ടസ്കെറ്റ്സ് പറഞ്ഞതിന് പിന്നാലെയാണ് നെയ്മറിന്റെ പ്രസ്താവനയും വന്നത്. ഇതോടെ മെസ്സി പിഎസ്ജിയില്‍ എത്തുമെന്ന വാര്‍ത്തകള്‍ ശക്തമായി. തങ്ങളുടെ എക്കാലത്തെയും ഏറ്റവും വലിയ ഗോള്‍ സ്കോറര്ക്കായി ബാഴ്സിലോണ 700 ദശലക്ഷം യൂറോയില്‍ കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഈ സീസണ് പൂര്‍ത്തിയാകുന്നതോടെ താരത്തിന് ബാഴ്സിലോണയുമായുള്ള കരാര്‍ അവസാനിക്കും.
മെസ്സിയ്ക്കൊപ്പം വീണ്ടും കളിക്കണമെന്നാണ് തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് മത്സരത്തില്‍ ടീമിനെ വിജയത്തില്‍ എത്തിച്ച ശേഷം പിഎസ്ജി താരം നെയ്മര്‍ നടത്തിയ പ്രസ്താവന. അദ്ദേഹത്തിന് താന്‍ കളിക്കുന്ന പൊസിഷന്‍ നല്‍കാം. എന്നാലും കുഴപ്പമില്ല. അടുത്ത വര്‍ഷം അദ്ദേഹത്തിനൊപ്പം കളിക്കാനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞു. മെസ്സി കഴിഞ്ഞ സീസണില്‍ ക്ലബ്ബ് വിടാന്‍ ആഗ്രഹിച്ചതാണ്. അപ്പോള്‍ തന്നെ താരത്തെ വില്‍ക്കണമായിരുന്നു എന്നും അന്ന് താരത്തെ പോകാന്‍ അനുവദിച്ചിരുന്നെങ്കില്‍ ആ പണം കൊണ്ട് ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയുമായിരുന്നു എന്നും ടസ്കെറ്റ്സ് പറഞ്ഞിരുന്നു. അതേസമയം മെസ്സിയുടെ നിഴലായി പോകാതിരിക്കാന്‍ ബാഴ്സ വിട്ട നെയ്മര്‍ ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം കളിക്കാന്‍ ആഗ്രഹിക്കുകയാണെന്നാണ് ഫ്രഞ്ച് ഫുട്ബോള്‍ എഴുത്തുകാര്‍ പറയുന്നത്.
2017 ല്‍ ആയിരുന്നു ബ്രസീലിയന്‍ താരം ബാഴ്സിലോണ വിട്ട് പിഎസ്ജി യിലേക്ക് പോയത്. മറ്റൊരു ടീമിന്റെ പ്രധാന താരമായി മാറിക്കൊണ്ട് ചാംപ്യന്‍സ് ലീഗും അതിലൂടെ ബാലന് ഡി ഓര് നേടുകയും ചെയ്യാമെന്ന് കണക്കുക്കൂട്ടിയായിരുന്നു നെയ്മര്‍ ഫ്രാന്‍സിലേക്ക് പോയത്. എന്നാല്‍ ഇതുവരെ ഇവ രണ്ടും നെയ്മര്‍ക്ക് നേടാനായിട്ടില്ല. അതുകൊണ്ടു തന്നെ ഒപ്പം കളിക്കാന്‍ ഒരു മികച്ച സ്ട്രൈക്കിംഗ് പാര്‍ട്ണര്‍ ഗുണം ചെയ്യും.
കഴിഞ്ഞ ദിവസം മെസ്സി പാരീസിലേക്ക് എത്തുന്നതില്‍ എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് മെസ്സിക്കൊപ്പം വീണ്ടും കളിക്കാന്‍ അവസരം കിട്ടുന്നു എന്നുണ്ടെങ്കില്‍ എവിടെ വേണമെങ്കിലും പോകാന്‍ തയ്യാറാണെന്നായിരുന്നു നെയ്മറിന്റെ മറുപടി. അതേസമയം നിലവില്‍ നെയ്മറിന് പുറമേ എംബാപ്പേയും ഏയ്ഞ്ചല്‍ ഡി മരിയയും ഫ്രഞ്ച് ടീമിലുണ്ട്. എല്ലാവരേയും പോറ്റിക്കൊണ്ടുപോകാന് ക്ലബ്ബിന് സാമ്പത്തീക സ്ഥിതി ഇല്ലാത്തതിനാല്‍ എംബാപ്പയേയും ഡി മരിയയേയും നല്‍കിയാലേ മെസ്സിയെ പിഎസ്ജിയ്ക്ക് വാങ്ങിയാല്‍ നില നിര്‍ത്തിക്കൊണ്ടു പോകാനാകു.




