
കോഴിക്കോട്: ആദ്യ മണിക്കൂറുകളിൽ കണ്ട ഉയർന്ന പോളിംഗ് എൽഡിഎഫിന് അനുകൂലമായി മാറുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. അരിയില്ലാത്ത ഒരു വീടു പോലും ഇന്ന് സംസ്ഥാനത്തില്ല. കേരളത്തിലെ പട്ടിണി പാടെ മാറി. ദാരിദ്രമുള്ള കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ വേണ്ട സംവിധാനം സർക്കാർ ഒരുക്കി. ജലപാത ഉൾപ്പെടെ ഗതാഗത പദ്ധതികൾ പൂർത്തീകരിച്ചു. രാജ്യത്ത് ആദ്യമായി കർഷകർക്ക് ക്ഷേമനിധി ഏർപ്പെടുത്തിയത് കേരളത്തിലാണ്.
സംസ്ഥാന സർക്കാർ പദ്ധതികളുടെ ഗുണോഭക്താകളാക്കാത്ത ഒരു കുടുംബം പോലും കേരളത്തിൽ ഇന്നുണ്ടാവില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
ജനക്ഷേമ പ്രവർത്തന മികവിനുള്ള ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ സർക്കാർ നേടി. ലൈഫ് പദ്ധതി ഉൾപ്പെടെയുള്ളവയിൽ ഗുണഭോക്താക്കളാവാത്ത ഒരു കുടുംബം പോലും കേരളത്തിൽ ഉണ്ടാവില്ല. എൽഡിഎഫിനെ എതിർക്കാൻ യുഡിഎഫ് - ബിജെപി - ജമ അത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നുണ്ട്. ഇവർക്കെതിരായ ജനവിധിയാവും ഈ പ്രാവശ്യം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യനിരോധം എവിടേയും പ്രായോഗികമല്ല. മദ്യവർജ്ജനമാണ് വേണ്ടത്. മദ്യവർജ്ജനത്തിനായി നിരവധി ബോധവത്കരണ പരിപാടികൾ ഈ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ നേട്ടങ്ങളെ വിവാദങ്ങളിലൂടെ തകർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ആരെന്ത് പറഞ്ഞാലും സർക്കാറിൻ്റെ നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ ജനങ്ങൾക്ക് കഴിയില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.






