
ബംഗളൂരു: ഗോവധ നിരോധന നിയമം പാസ്സാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. പശുവിനെ കൊന്നാല്‍ ഇനിമുതല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും. എല്ലാ കന്നു കാലികളേയും ഗോമാംസമായി പരിഗണിക്കുന്നതാണ് പുതിയ ബില്‍. രാജ്യത്തുടനീളം വലിയ വിവാദങ്ങള്‍ക്കിടയായ വിഷയമായിരുന്നു ബീഫ് നിരോധനം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തു വന്നിരുന്നു.
കര്‍ണ്ണാടകയില്‍ ഗോമാംസം നിരോധിക്കുമോ എന്ന ചോദ്യത്തിന് നിയമ മന്ത്രി ജെ.സി. മധുസ്വാമി നല്കിയ മറുപടി 13 വയസ്സിനു മുകളിലുള്ള എരുമകളെ അറുക്കാന്‍ അനുവദിക്കും എന്നതായിരുന്നു. എന്നാല്‍ പുതിയ നിയമം എല്ലാ കന്നുകാലികളേയും ഗോമാംസമായി പരിഗണിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന് നേരത്തെ അറിയിച്ചിരുന്നു.
ഗുജറാത്ത്, യുപി എന്നിവിടങ്ങളില്‍ നിയമം നടപ്പാക്കിയിരുന്നു. അതേ സമയം സര്‍ക്കാരിന്റെ പരാജയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിന്റെ ഭാഗമാണ് ലവ് ജിഹാദ്, ഗോവധം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. മോദി സര്‍ക്കാര്‍ വന്നശേഷം ബീഫിന്റെ കയറ്റുമതി ഇരട്ടിയായെന്നും ഇതുചെയ്യുന്നതില് പലരും ബി.ജെ.പി. നേതാക്കളാണെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.





