
ന്യൂഡല്‍ഹി: യുപിഎ യുടെ അദ്ധ്യക്ഷ പദവിയിലേക്ക് സോണിയാഗാന്ധിയെ മാറ്റി പകരം ശരദ്പവാര്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസും എന്‍സിപിയും. കാര്‍ഷിക ബില്‍ വന്‍ വിവാദം ഉയര്‍ത്തുമ്പോള്‍ പ്രതിപക്ഷം രണ്ടു തട്ടിലായി. പ്രതിപക്ഷത്തിന്റെ ഐക്യം പിളര്‍ത്താന്‍ വേണ്ടി പടച്ചുവിടുന്ന നുണകള്‍ എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തരീഖ് അന്‍വറിന്റെ പ്രതികരണം.
കേന്ദ്ര സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധങ്ങളും വിവാദങ്ങളും ഉയരുമ്പോള്‍ അതിനെ മുതലെടുക്കാന്‍ കഴിയാതെ പ്രതിപക്ഷത്തിന്റെ മുനയൊടിഞ്ഞു പോയി എന്ന ആരോപണം ശക്തമാണ്. അതിനിടയില്‍ കോണ്‍ഗ്രസുകളെ ഒന്നിപ്പിക്കാന്‍ കഴിയുന്ന ഏക നേതാവ് ശരദ് പവാറാണെന്നും അദ്ദേഹം പാര്‍ട്ടി തലവനാകണമെന്നും ഒരു പത്രത്തില്‍ വന്ന കോളത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നതെന്നാണ് സൂചനകള്‍.
ഇത് പിന്നീട് ടെലിവിഷന്‍ ചാനുകളും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വന്‍ ചര്‍ച്ചയായി മാറിയത്. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എന്‍സിപി വക്താവ് മഹേഷ് തപസ്വിയും പറഞ്ഞു. ഇത്തരത്തില്‍ ഒരു ചര്‍ച്ചകളോ ആലോചനകളോ പോലും എന്‍സിപിയില്‍ നടന്നിട്ടില്ലെന്ന് തപസ്വി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ നിന്നും ശ്രദ്ധ തിരിക്കുക ലക്ഷ്യമിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ ശിവസേന എംപി സഞ്ജയ് റൗത്ത് വ്യത്യസ്തമായ അഭിപ്രായമാണ് നടത്തിയത്.
നാളെ 80 വയസ്സ് തികയുന്ന ശരദ് പവാര്‍ രാജ്യത്തിന്റെ വലിയ ചുമതല ഏറ്റെടുക്കാന്‍ പ്രാപ്തനാണ്. രാഷ്ട്രീയം പ്രവചനാതീതമാണെന്നും നാളെ എന്തു സംഭവിക്കുമെന്ന് പറയാനാകില്ലെന്നും പറഞ്ഞിരുന്നു. മികച്ച പ്രവര്‍ത്തി പരിചയമുള്ളയാളാണ് പവാര്‍. രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നയാളുമാണ്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു എന്നായിരുന്നു പ്രതികരണം.




