
ബംഗളൂരു: മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ നല്‍കിയിരുന്ന ജാമ്യാപേക്ഷ ൈഹക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
വൈദ്യപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും തത്തുല്യ തുകയുടെ രണ്ട് ആള് ജാമ്യത്തിലും ആണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ മാസത്തില്‍ രണ്ടു തവണ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്നു മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് സഞ്ജനയ്ക്ക് ജാമ്യം ലഭിച്ചത്.
സെപ്റ്റംബര്‍ എട്ടാം തീയതിയാണ് സെന്‍ട്രല്‍ ക്രൈബ്രാഞ്ച് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗല്‍റാണിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സഞ്ജനയെ പരപ്പന അഗ്രഹാര ജയിലില്‍ ആയിരുന്നു പാര്‍പ്പിച്ചിരുന്നത്.
സഞ്ജനയുടെ അറസ്റ്റിനു ശേഷം കന്നഡ സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടിമാരായ രാഗിണി ദ്വിവേദി, സുഹൃത്തുക്കളായ രവി, ശങ്കര്‍, രാഹുല്‍, വിരേന്‍ ഖന്ന പ്രതീക് ഷെട്ടി തുടങ്ങിയവരും അറസ്റ്റിലായായിരുന്നു.






