
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാന ഘട്ടത്തില്‍ കനത്ത പോളിംഗ്. നാലു ജില്ലകളിലും സമ്മതിദാനം വിനിയോഗിക്കാന്‍ ജനം ഒഴുകിയെത്തിയപ്പോള്‍ രേഖപ്പെടുത്തിയത് 78 ശതമാനം പോളിംഗ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പോളിംഗ് ശതമാനം 75 കടന്നു. ആദ്യ രണ്ടു ഘട്ടങ്ങളേക്കാള്‍ ഉയര്‍ന്ന പോളിംഗാണ് അവസാന ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.
മലപ്പുറത്ത് 77.71 ശതമാനം രേഖപ്പെടുത്തിയ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 75.61 ശതമാനം രേഖപ്പെടുത്തിയ കാസര്‍ഗോഡാണ് കുറവ് രേഖപ്പെടുത്തിയത്. കോഴിക്കോട്ട് 77.54 ശതമാനവും , കണ്ണൂരില്‍ 76.97 എന്നും രേഖപ്പെടുത്തി. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാം ഘട്ടത്തിലുള്ളത്.
നഗരസഭകളില്‍ കണ്ണൂര്‍ ആന്തൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് റിപ്പോര്‍ട്ട് ചെയ്തത്. 89 ശതമാനം പോളിംഗ് ഉണ്ടായി. ആന്തൂരിലെ എല്ലാ ബൂത്തിന് മുന്നിലും വലിയ ആള്‍ത്തിരക്കായിരുന്നു. അവസാന മണിക്കൂറിലും ഇവിടെ വലിയ ക്യൂവായിരുന്നു. അതേസമയം ഇവിടുത്തെ മിക്ക ബൂത്തുകളിലും സാധാരണഗതിയില്‍ 90 ശതമാനത്തിന് മുകളില്‍ പോളിംഗ് ഇവിടെ രേഖപ്പെടുത്താറുണ്ട്.
പാര്‍ട്ടി ഗ്രാമങ്ങള്‍ വരുന്ന പ്രദേശത്തെ 28 ല്‍ 28 ഡിവിഷനും സ്വന്തമാക്കി ഇടതുമുന്നണിയാണ് ഇവിടെ ഭരിക്കുന്നത്. ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആറിടത്ത് നേരത്തേ തന്നെ ജയിച്ചിരുന്നു. 22 ഡിവിഷനിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. നാലു ജില്ലകളിലെയും മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ തന്നെ വലിയ തിരക്കായിരുന്നു.
പ്രശ്നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്. പലയിടത്തും സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാദാപുരം തെരുവംപറമ്പില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസുകാര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
പോലീസ് ലാത്തി വീശി. താനൂരില്‍ ഉണ്ടായ സംഘഷത്തില്‍ മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാനും യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറാ അഹമ്മദിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കോഴിക്കോട് പുതുപ്പാടിയിലും തിരൂര്‍ ചെമ്പ്രയിലും ആള്ക്കാര് ആറു മണി കഴിഞ്ഞിട്ടും ക്യൂ നില്‍ക്കുകയാണ്. കണ്ണൂരും കാസര്‍ഗോഡും ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ചില ബൂത്തുകളില്‍ വോട്ടെണ്ണല്‍ മെഷീനിലെ പ്രശ്നങ്ങള്‍ കാരണം വൈകിയാണ് പോളിംഗ് ആരംഭിച്ചത്. കോഴിക്കോട് ബേപ്പൂരില്‍ വോട്ടു ചെയ്തു മടങ്ങിയ വയോധിക ഹൃദയാഘാതം ഉണ്ടായി മരണമടഞ്ഞു.
സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു. എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് കണ്ണൂരില്‍ വോട്ട് ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇടതു ദൂര്‍ഭരണത്തിനെതിരേയുള്ള ജനം വിധിയെഴുതുമെന്നും യുഡിഎഫ് റെക്കോര്‍ഡ് വിജയം സ്വന്തമാക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന് വ്യക്തമാക്കി.
പോളിംഗ് താമസിച്ച തിരൂര്‍ ചെമ്പ്രയില്‍ ആള്ക്കാര് ഇപ്പോഴും ക്യൂ നില്‍ക്കുകയാണ്. ആറു മണിയോടെ ഗേറ്റ് പൂട്ടിയിട്ടുണ്ട്. എംഎം യൂപി സ്കൂളില്‍ നൂറു കണക്കിന് ആള്ക്കാര് ഇവിടെ നില്‍ക്കുകയാണ്. ഇവിടെ ഉദ്യോഗസ്ഥര്‍ വളരെ പതുക്കെയാണ് ചെയ്തതെന്നാണ് ആരോപണം. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസ് അടക്കം പാടുപെടുകയാണ്. മണിക്കൂറുകള്‍ ക്യൂ നില്ക്കുന്നതിനാല് മുറ്റത്ത് ബഞ്ചിട്ട് ഇരുത്തിയിരിക്കുകയാണ്. ഇവിടെ പോളിംഗ് പൂര്‍ത്തിയാക്കാന്‍ രാത്രി എട്ടു മണിയെങ്കിലും എടുക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.






