
തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി സംസ്ഥാന സെക്രട്ടറിയറ്റ്. പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തില്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കു ഗുണകരമായി. ഇത് കേരളത്തില്‍ തുടര്‍ഭരണ സാധ്യത മുന്നോട്ടുവെക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സൗജന്യ കിറ്റുവിതരണം തുടരാനും ധാരണ.
മുഖ്യമന്ത്രിയുടെ കേരളപര്യടനം ഡിസംബര്‍ 22 മുതലാണ് ആരംഭിക്കക. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കംകുറിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമീഫൈനലായി കണക്കാക്കുന്ന ഈ തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ വിജയം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. യുടെ പ്രകടനവും ഗൗരവമായി പരിശോധനക്കു വിധേയമാക്കണമെന്നും സി.പി.എം. വിലയിരുത്തി. ബി.ജെ.പി. എങ്ങനെ നഗരവോട്ടുകള്‍ പിടിച്ചെടുത്തു എന്നും വിലയിരുത്തും. സി.എം. രവീന്ദ്രനെ ഇ.ഡി. ചോദ്യം ചെയ്തതിനു പിന്നാലെ പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ തുടര്‍ നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. സി.പി.എം. നേതൃത്വത്തിനു പിന്നാലെ ഇടതുമുന്നണി യോഗവും എ.കെ.ജി. സെന്ററില്‍ ചേരുന്നുണ്ട്.






