
തട്ടീം മുട്ടീം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് നസീര്‍ സംക്രാന്തി. കോമഡി സ്കിറ്റുകളിലൂടെ സ്റ്റേജ് ഷോകളിലും പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നസീര്‍, ബിഗ് സ്ക്രീനിലും സജീവമാണ്. നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താനും ഹാസ്യതാരം സുബി സുരേഷും ഒളിച്ചോടിയെന്ന് പ്രചരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയാണ് താരം.
പ്രമുഖ മാധ്യമത്തോടാണ് താരം ഇതേ കുറിച്ച് പ്രതികരിച്ചത്. '' വീട്ടിലെ അവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ച് സുബിയാണ് വിളിക്കുന്നത്. നമ്മള് ഒളിച്ചോടിയെന്നൊക്കെ കേട്ടു. കുറേ പേര് എന്നേയും വിളിച്ചു. വിദേശത്തുള്ള അളിയനും വിളിച്ചിരുന്നു. എവിടെയാണെന്ന് ചോദിച്ചു. അദ്ദേഹത്തിനൊപ്പമുള്ളയാളായിരുന്നു കാര്യത്തെക്കുറിച്ച് ചോദിച്ചത്. ഭാര്യ എന്താണ് പറഞ്ഞതെന്നറിയാനായിരുന്നു സുബിക്ക് ആകാംക്ഷ. വിവാഹം കഴിഞ്ഞ് നാലാം നാള് നിങ്ങള്‍ ഇങ്ങോട്ട് വരില്ലേ, അപ്പോള്‍ കൂടെ വരുമെന്നായിരുന്നു ഭാര്യ പറഞ്ഞത്. ചേട്ടന് പറ്റിയ ഭാര്യ തന്നെ, കിടിലന്‍ മറുപടിയാണല്ലോ ഭാര്യയുടേതെന്നായിരുന്നു സുബി പറഞ്ഞത്. '' - നസീര്‍ സംക്രാന്തി പറയുന്നു.
സംഭവത്തില്‍ സുബിയും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. '' ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. ഒളിച്ചോടിപ്പോയിട്ടില്ല. പോവുമ്പോള്‍ പറഞ്ഞിട്ടേ പോവുള്ളൂ. ആരെ വേണമെങ്കിലും വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം വീട്ടുകാര്‍ തന്നിട്ടുണ്ട്. ആരെ വേണമെങ്കിലും കെട്ടിക്കോ, നിന്റെ ബുദ്ധിക്ക് അനുസരിച്ച് ഒരാളെ തിരഞ്ഞെടുത്തോളാന്‍ പറഞ്ഞിട്ടുണ്ട് വീട്ടില്‍ നിന്ന്. അതുകൊണ്ട് ഒളിച്ചോടേണ്ട സാഹചര്യമൊന്നുമില്ല. ആരെയെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാല്‍ അമ്മയൊക്കെ അപ്പോള്‍ കൈപിടിച്ച് തരും. അങ്ങനെയുള്ള വീട്ടുകാരാണ്.'' - സുബി പറയുന്നു.






