
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണസമിതി അധ്യക്ഷനായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നിയോഗിക്കുമെന്നു സൂചന. തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണിത്. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്നനേതാക്കളുടെ അഭിപ്രായമാരാഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ചുമാസത്തോളം ശേഷിക്കുന്നുണ്ടെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിലെ അനൂകൂലസാഹചര്യം കണക്കിലെടുത്ത് നേരത്തേ നടത്താനും സര്ക്കാര്നീക്കമുണ്ട്.
സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്ന നൂറുദിനകര്‍മപദ്ധതി പൂര്‍ത്തിയാകുന്നതോടെ നിയമസഭ പിരിച്ചുവിടാനാണു സാധ്യത. ഈ സാഹചര്യംകൂടി മുന്നില്‍ക്കണ്ടാണ് ഉമ്മന്‍ ചാണ്ടിയെ പ്രചാരണച്ചുമതല നല്കി സജീവമാക്കാനുള്ള കോണ്‍ഗ്രസ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിലും മധ്യകേരളത്തില്‍ തിരിച്ചടി നേരിട്ടാല്‍ തിരിച്ചുവരവ് അസാധ്യമാണെന്ന വിലയിരുത്തലിലാണു കോണ്‍ഗ്രസ് നേതൃത്വം. കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ തിരിച്ചടി നേരിട്ടപ്പോഴെല്ലാം യു.ഡി.എഫിനു ഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ട് കണക്കുപ്രകാരം കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഒരു നിയമസഭാമണ്ഡലത്തില്പ്പോലും കോണ്‍ഗ്രസ് മുന്നിലെത്തിയില്ല. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓരോ നിയമസഭാമണ്ഡലങ്ങളില്‍ മാത്രമാണു മുന്നേറാനായത്.
ക്രിസ്ത്യന്‍ വിഭാഗം മുഖം തിരിച്ചതാണു യു.ഡി.എഫ്. മധ്യകേരളത്തില്‍ നേരിട്ട തിരിച്ചടിക്കു പ്രധാനകാരണം. കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതു മുസ്ലിം ലീഗാണെന്ന സി.പി.എം. പ്രചാരണവും ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടാണ്. ഇതു ചെറുക്കാന്കൂടിയാണ് ഉമ്മന്‍ ചാണ്ടിയെ മുന്നില്‍നിര്‍ത്തിയുള്ള നീക്കം. തദ്ദേശതിരിച്ചടിയുടെ അടിസ്ഥാനത്തില്‍ സംഘടനാ അഴിച്ചുപണിയുണ്ടാകുമെന്നു െഹെക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുവരെ കെ.പി.സി.സി. അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന് തുടരും. അഞ്ച് ഡി.സി.സി. അധ്യക്ഷന്മാര്ക്കെങ്കിലും ഉടന്‍ സ്ഥാനചലനമുണ്ടാകും.





