
ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ ഇടപെടാന്‍ തയ്യാറായി കേന്ദ്രം. ആറ് സംസ്ഥാനങ്ങളില്‍ ഉള്ളവരുമായി പ്രധാനമന്ത്രി നടത്തുന്ന ഓണ്‍ലൈന്‍ സംവാദം തുടങ്ങി. കര്‍ഷകര്‍ സമരം കടുപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാല്‍ അതിനിടെ പാര്‍മെന്റ് സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം അരങ്ങേറി. കര്‍ഷകര്‍ക്ക് പുതിയ ഓഫറുകള്‍ നല്കി സമരത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുക എന്നതാണ് കേന്ദ്രം ലക്ഷ്യംവെക്കുന്നത്. സംവാദത്തില്‍ പ്രധാന മന്ത്രിയോടൊപ്പം കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും പങ്കെടുത്തു.
കിസാന്‍ സമ്മാന്‍ നിധി നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നും ഇത് കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നുമാണ് കൃഷിമന്ത്രി പറയുന്നത്.
നിയമത്തെ കുറിച്ച് ചിലര്‍ കിംവദന്തികള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുവെന്ന് കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു. സംവാദം നടക്കുന്നതിനിടെയാണ് സെന്‍ട്രല്‍ ഹാളില്‍ പ്രതിഷേധം അരങ്ങേറിയത്. എ.ബി. വാജ്പേയി അനുസ്മരണ ചടങ്ങിനിടെയായിരുന്നു പ്രതിഷേധം. ആം ആദ്മി എം.പി.മാരാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും മുദ്രാവാക്യം മുഴക്കിയത്.
കര്‍ഷകര്‍ നടത്തുന്ന ദില്ലി പ്രക്ഷോഭം തുടങ്ങിയിട്ട് ഇന്ന് ഒരുമാസം തികയുകയാണ്. എന്നാല്‍ ഇതുവരെ കേന്ദ്രം കര്‍ഷകരുമായി നേരിട്ട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ പ്രതിനിധികള്‍ പലതവണ കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അവയെല്ലാം പരാജയപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ കര്‍ഷക സംഘനകള്‍ക്ക് കത്തുനല്‍കിയിരുന്നു. കര്‍ഷകരുടെ എല്ലാ ആവശ്യവും ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.






