
പാലക്കാട് : തേങ്കുറിശ്ശിയില്‍ വ്യത്യസ്തജാതിയിലുള്ള യുവതിയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ പോലീസ് കസ്റ്റഡിയില്‍. കൊല നടത്തിയ ശേഷം ഒളിവില്‍പ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. കൊലനടന്ന വെള്ളിയാഴ്ച തന്നെ അനീഷിന്റെ ഭാര്യയുടെ അമ്മാവന് സുരേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണിമുഴക്കിയിരുന്നുവെന്നാണ് അനീഷിന്റെ സഹോദരൻ അരുൺ പറയുന്നു. "അവര്‍ ബൈക്കില്‍ വന്നാണ് ചെയ്തത്. മൂന്നുമാസത്തിനുള്ളില്‍ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാര്‍ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു", അരുൺ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
അനീഷിന് ഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് അനീഷിന്റെ പിതാവ് അറുമുഖന് പറഞ്ഞു. അമ്മാവന് വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ എടുത്തുകൊണ്ടുപോയെന്ന് ഭാര്യ ഹരിതയും പറയുന്നു.
മൂന്നുമാസം മുന്‍പാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത്.
പാലക്കാട്ടെ തേന്‍കുറിശ്ശിയില്‍ വെള്ളിയാഴ്ച ആറരയോടെയാണ് കൊലപാതകം നടന്നത്. അനീഷും സഹോദരനും കൂടി ബൈക്കില്‍ പോവുകയായിരുന്നു. സമീപത്തെ കടയില്‍ സോഡ കുടിക്കാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.






