ഒറ്റച്ചാട്ടത്തില്‍ ആളെ കണ്ടെത്തി; ശരവേഗത്തില്‍ കരയിലെത്തിച്ചു, പക്ഷേ.. ;മലങ്കര ജലാശയത്തില്‍ അകപ്പെട്ട നിരവധി പേരെ മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ച ഷിനാജിന്റെ ഉള്ളുലച്ച അനിലിന്റെ മരണം
ഒറ്റച്ചാട്ടത്തില്‍ ആളെ കണ്ടെത്തി; ശരവേഗത്തില്‍ കരയിലെത്തിച്ചു, പക്ഷേ.. ;മലങ്കര ജലാശയത്തില്‍ അകപ്പെട്ട നിരവധി പേരെ മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ച ഷിനാജിന്റെ ഉള്ളുലച്ച അനിലിന്റെ മരണം
Authored by Web Desk | Last updated: 27 Dec 2020, 1:03 AM | 1 min read
തൊടുപുഴ : " ഒറ്റച്ചാട്ടത്തില്‍ ആളെ കണ്ണിലുടക്കി, കരയില്‍ നിന്നും 15 അടി ദൂരത്തിലും പത്തടി താഴ്ചയിലുമായി വെള്ളത്തില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. വെള്ളത്തിലേയ്ക്ക് ഊളിയിട്ടപ്പോള്‍ തന്നെ കാലിലാണ് പിടുത്തം കിട്ടിയത്. ശരവേഗത്തില്‍ കരയ്ക്കെത്തിച്ചു. ഇവിടെ കാത്തു നിന്നവരുടെയൊപ്പം റോഡിലേയ്ക്ക്. ഉടന്‍ തന്നെ അനിലിനെ വാഹനത്തില്‍ കയറ്റി പോലീസുകാരനും സുഹൃത്തുക്കളും ആശുപത്രിയിലേയ്ക്ക്...."
മലയാളിക്ക് നൊമ്പരമായി അകാലത്തില്‍ പൊലിഞ്ഞ അനില്‍ നെടുമങ്ങാടിനെ മലങ്കര ജലാശത്തില്‍ നിന്നും മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ച രക്ഷാപ്രവര്ത്തകന് പെരുമറ്റം സ്വദേശി പാറയ്ക്കല്‍ ഷിനാജിന്റെ വാക്കുകളാണിവ. പള്ളിയില്‍ പോകാനിറങ്ങുമ്പോഴാണ് വിവരം അറിയുന്നതെന്ന് ഷിനാജ് പറയുന്നു. രണ്ടു മിനുട്ടിനകം സംഭവസ്ഥലത്തെത്തി. പോലീസുകാരനും സുഹൃത്തുക്കളും കരയിലുണ്ടായിരുന്നു. പിന്നീട് നടന്നതെല്ലാം മിന്നല്‍ വേഗത്തിലായിരുന്നു.
മലങ്കര ജലാശയത്തില്‍ അകപ്പെട്ട നിരവധി പേരെയാണ് ഷിനാജ് മുങ്ങിയെടുത്തിട്ടുള്ളത്. പലരെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അനിലിന്റെ മരണം മനസിനെ വല്ലാതെ ഉലച്ചതായി ഷിനാജ് പറയുന്നു. സെലിബ്രിറ്റിയാണ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത് എന്ന് പിന്നീടാണ് മനസിലായതെന്നും തടിപ്പണി തൊഴിലാളിയായ ഇദേഹം പറയുന്നു. വെള്ളത്തിലുണ്ടാകുന്ന മാത്രമല്ല, റോഡപകടങ്ങളില്പ്പെട്ടവര്ക്കും ഷിനാജ് രക്ഷകനായിട്ടുണ്ട്. ഫാത്തിമയാണ് ഭാര്യ. ആസിഫ്, അഫ്സല് എന്നിവര്‍ മക്കളാണ്.