
മെൽബൺ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ പ്രതിരോധ കോട്ട കെട്ടി വിക്കറ്റ് കാത്ത് ആതിഥേയർ. രണ്ടാം ഇന്നിങ്സിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലാണ്.65 പന്തിൽ നിന്ന് 17 റൺസുമായി കാമറൂൺ ഗ്രീനും 53 പന്തിൽ നിന്ന് 15 റൺസുമായി പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. ഓസിസിന് രണ്ട് റൺസ് ലീഡ് ആയി.
രണ്ടാം ഇന്നിങ്സിൽ ഓസീസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർ നാലിൽ നിൽക്കെ ഓപ്പണർ ജോ ബേൺസിനെ (4) ഉമേഷ് യാദവ് മടക്കി. പിന്നാലെ മാർനസ് ലബുഷെയ്ന്റെ (28) വിലപ്പെട്ട വിക്കറ്റ് അശ്വിൻ വീഴ്ത്തി. സ്റ്റീവ് സ്മിത്തിനെ (8) പുറത്താക്കി ബുംറയും ഓസീസിനെ ഞെട്ടിച്ചു.
മാത്യു വെയ്ഡ് നിലയുറപ്പിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും ജഡേജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 137 പന്തിൽ 40 റൺസായിരുന്നു വെയ്ഡിന്റെ സമ്പാദ്യം. 17 റൺസെടുത്ത ട്രാവിഡ് ഹെഡിനെ സിറാജ് മടക്കി. അധികം വൈകാതെ ഓസീസ് ക്യാപ്റ്റൻ ടീം പെയ്നിനെ (1) പുറത്താക്കി ജഡേജ വീണ്ടും ഓസീസിനെ പ്രതിരോധത്തിലാക്കി.
പിന്നാലെ കാമറൂൺ ഗ്രീനും പാറ്റ് കമ്മിൻസും ചേർന്ന് ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിക്കുകയായിരുന്നു.ഇന്ത്യയ്ക്കായി ജഡേജ രണ്ടു വിക്കറ്റ് വീഴ്ത്തി. അശ്വിൻ, ബുംറ, ഉമേഷ് യാദവ്, സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മൂന്നാം ദിനം അഞ്ചു വിക്കറ്റിന് 277 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 326 റൺസിന് ഓൾഔട്ടായി. ഓസ്ട്രേലിയക്കെതിരേ 131 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.രഹാനെ 223 പന്തുകളിൽ നിന്ന് 12 ബൗണ്ടറികൾ സഹിതം 112 റൺസെടുത്തു. 159 പന്തുകളിൽ നിന്ന് മൂന്ന് ബൗണ്ടറികൾ സഹിതം 57 റൺസെടുത്ത രവീന്ദ്ര ജഡേജ ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. ഇരുവരും ആറാം വിക്കറ്റിൽ 121 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.ആർ. അശ്വിൻ (14), ഉമേഷ് യാദവ് (9), ബുംറ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.






