
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ. കേസില്‍ പ്രതിയായ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. എന്‍.ഐ.എ. സമര്‍പ്പിച്ച അപ്പീല്‍ ഹര്ജിയിന്മേലാണ് കോടതി ഉത്തരവ്. അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെയാണ് യു.എ.പി.എ. ചുമത്തിയിരുന്നത്. എന്നാല്‍ അലന് ഷുഹൈബിന്റെ പ്രായം കണക്കിലെടുത്ത് ജാമ്യത്തില്‍ തുടരാമെന്നും താഹ ഉടന്‍തന്നെ കീഴടങ്ങമമെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷ സെപ്റ്റംബര്‍ 11-നായിരുന്നു ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. ഒരു വര്‍ഷത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ ജനുവരിയിലാണ് അലനേയും താഹയേയും കോഴിക്കോട് സിറ്റി പോലീസ് അറസ്റ്റു ചെയ്യുന്നത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ. ചുമത്തിയത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചെങ്കിലും പോലീസ് നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സികള്‍വരെ ഇടപെട്ട കേസില്‍ പലതവണ പ്രതികള്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കിട്ടിയില്ല. നിരന്തര ശ്രമത്തിനൊടുവിലാണ് സെപ്റ്റംബറില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ച് എന്‍.ഐ.എ. വിചാരണ കോടതി ഉത്തരവായത്. ഇതിനെതിരെ അന്വേഷണസംഘം വീണ്ടും കോടതിയില്‍ ഹര്‍ജി നല്കി. ഈ ഹര്ജിയിന്മേലാണ് വിധി വന്നിരിക്കുന്നത്.






