
തിരുവനന്തപുരം: ഓൺലൈൻ സേവനം ലഭ്യമാക്കിയിട്ടും അപേക്ഷകൻ ആർടി ഓഫിസിൽ എത്തേണ്ടി വരുന്ന അവസ്ഥ കണക്കിലെടുത്തു പുതിയ ഉത്തരവ് പുറത്തിറക്കി.
വാഹന റജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസിനും ഓൺലൈനിൽ അപേക്ഷിച്ചവർ സ്പീഡ് പോസ്റ്റ് അയയ്ക്കുന്നതിനുള്ള കവറും സ്റ്റാംപും ഓഫീസിൽ നൽകണമായിരുന്നു. ഇനി മുതൽ അതുണ്ടാവില്ല. പകരം, ഫീസ് അടയ്ക്കുമ്പോൾ 45 രൂപ കൂടി അധികം അടച്ചാൽ മതിയാകും.
കഴിഞ്ഞ 31 വരെ ഓൺലൈനിൽ അപേക്ഷിച്ചവർക്കും അവർ നൽകിയ കവറിലും സ്റ്റാംപിലും ലഭ്യമാക്കും. അവരിൽ നിന്ന് അധികം ഫീസ് ഈടാക്കില്ല. കൂടാതെ, ലൈസൻസും ആർസി ബുക്കും പൂർണമായും പോളി കാർബണേറ്റ് സ്മാർട് കാർഡിലേക്കു മാറുന്നത് അടുത്തമാസം മുതൽ നടപ്പാക്കുകയും ചെയ്യും.
പുതുതായി അപേക്ഷിക്കുന്ന ലൈസൻസിനും ആർസി ബുക്കുകൾക്കും പുറമേ നിലവിൽ ലൈസൻസ് ഉടമകളായ 80 ലക്ഷത്തോളം പേർക്കും ഈ കാർഡിലേക്കു മാറാൻ അവസരം ലഭിക്കും. 15 വർഷ കാലാവധിയുള്ള കാർഡിൽ ക്യൂആർ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.
76 രൂപയാണു കാർഡിന് ചെലവ്.






