ജമ്മു: കേന്ദ്രഭരണ പ്രദേശമായ ജമ്മുവില്‍ നൂറിലധികം കക്കകളെ ചത്തനിലയില്‍ കണ്ടെത്തി. എന്നാല്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തതിന് കാരണം വ്യക്തമല്ല. കാരണം കണ്ടെത്തുന്നതിനായി പഞ്ചാബിലെ വന്യജീവി ലാബിലേക്ക് സാമ്പിളുകള്‍ അയച്ചു. ജമ്മുവിലെ ഉദ്ധംപുര്‍, കത്തുവ, രാജൗരി എന്നീ മൂന്ന് ജില്ലകളിലാണ് കാക്കകള്‍ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്.
പ്രദേശത്ത് വന്യജീവി-മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. കേരളം, മധ്യപ്രദേശ്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, ഹരിയാണ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ജമ്മുവില്‍ കാക്കകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍ക്ക് രോഗം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്കി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ജീവനുള്ള പക്ഷികളുടെയും സംസ്കരിക്കാത്ത കോഴി ഇറച്ചിയുടെയും ഇറക്കുമതി ജനുവരി 14 വരെ നിരോധിച്ചു.






