
കൊച്ചി: സ്ഫോടനം, പ്രകമ്പനം, നിമിഷാര്‍ധം പൊടിക്കൂമ്പാരം... മരടിലെ അഞ്ച് വമ്പന്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊട്ടിച്ചിതറിക്കുന്ന കാഴ്ച കേരളജനത ശ്വാസമടക്കി കണ്ടിട്ട് ഇന്ന് ഒരു വര്‍ഷം. നഷ്ടപരിഹാരം നല്കുന്നതില് ബില്‍ഡര്‍മാര്‍ വീഴ്ച വരുത്തിയതോടെ സ്വപ്നസൗധം വിട്ടൊഴിഞ്ഞ പലരും കടത്തിലും ജപ്തിഭീഷണിയിലും.
തീരസംരക്ഷണ നിയമങ്ങള്‍ ലംഘിച്ചെന്നു കാട്ടി എച്ച് 2 ഒ ഹോളിഫെയ്ത്ത്, ജയിന് കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്, ആല്‍ഫ വെന്‍ഞ്ച്വര്‍ എന്നീ ഫ്ളാറ്റുകളാണ് സുപ്രീംകോടതി വിധിയെ തുടര്‍ന്നു പൊളിച്ചത്.
പൊളിക്കല്‍ വൈകിപ്പിക്കാനുള്ള നീക്കത്തെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.ഫ്ളാറ്റ് നിവാസികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഫ്ളാറ്റ് ഉടമകള്‍ നല്‍കണമെന്നായിരുന്നു വിധി. ഇത് ഉറപ്പാക്കാന്‍ കമ്മിഷനെ വച്ചു. 50 ലക്ഷം മുതല്‍ ഒന്നരക്കോടിവരെ വിലയുള്ള ഫ്ളാറ്റുകളാണ് ഇവിടെയുണ്ടായിരുന്നത്.
പക്ഷേ, പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കിട്ടിയില്ല. ഒന്നുമില്ലാതെ ഇറങ്ങിപ്പോകേണ്ടിവന്ന പലര്‍ക്കും ഫ്ളാറ്റ് വാങ്ങിയ ലോണ്‍ കുടിശികയായി. ഇവരിപ്പോള്‍ നേരിടുന്നത് ബാങ്കിന്റെ ജപ്തിഭീഷണി. ഫ്ളാറ്റുകള്‍ പൊളിച്ചയിടം വെറും ഭൂമിയായി കിടക്കുകയാണ്. ഇനിയിവിടെ നിര്‍മാണമൊന്നും പുതുതായി നടത്താന്‍ സാധിക്കുമോയെന്ന് ആര്‍ക്കുമറിയില്ല.