
ടെക്ക് ഭീമന്മാരായ ആപ്പിളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും കൈക്കോര്‍ക്കുന്നു. കൊറിയന്‍ മാധ്യമമായ ഐ.ടി.ന്യൂസ് നൽകുന്ന റിപ്പോർട്ട് പ്രകാരം ഡ്രൈവറില്ലാതെ ഓടാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നിര്മാണത്തിനായിയാണ് ഇരുകമ്പനികളും സഹകരിക്കുന്നത്.
ഈ വാര്‍ത്ത പുറത്തുവന്നതോടെ ഹ്യുണ്ടായിയുടെ ഓഹരി മൂല്യം 20 ശതമാനം വർദ്ധിച്ചു. ആപ്പിളും ഹ്യുണ്ടായിയും മാര്‍ച്ച് മാസത്തില്‍ സഹകരണ കരാറില്‍ ഒപ്പുവയ്ക്കുമെന്നും 2024-ന്റെ തുടക്കത്തില്‍ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇലക്ട്രിക് ഓട്ടോണമസ് വാഹനങ്ങള്‍ 2027-ഓടെ നിരത്തുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ പദ്ധതി.
പുതിയ വാഹനം ഹ്യുണ്ടായിയുടെ അനുബന്ധ കമ്പനിയായ കിയ മോട്ടോഴ്സിന്റെ ജോര്‍ജിയയിലെ പ്ലാന്റില്‍ നിര്‍മിച്ചേക്കും. അല്ലെങ്കില്‍ ഇരുകമ്പനികളും അമേരിക്കയില്‍ പുതിയ പ്ലാന്റ് ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയില്‍ നിർമ്മിക്കുന്ന പ്ലാന്റിൽ പ്രതിവര്‍ഷം നാല് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചേക്കും. 2024-ല്‍ ഇവിടെ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് റിപ്പോർട്ട്.






