ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയില്‍ വ്യക്തത വരുത്തി കര്‍ഷകര്‍. ട്രാക്ടര്‍ റാലി ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ മാത്രമായിരിക്കുമെന്നും ചെങ്കോട്ടയില്‍ സമരം നടത്താല്‍ ഉദേശിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിനാഘോഷത്തെ തടസ്സപ്പെടുത്തില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
ഭാരതീയ കിസാന്‍ യൂണിയന് നേതാവ് ബല്‍ബീര്‍ രാജേവാള്‍ കര്‍ഷകര്‍ക്കെഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ചിലര്‍ അവകാശപ്പെടുന്നപോലെ ചെങ്കോട്ടയില്‍ സമരം നടത്തില്ലെന്ന് അദേഹം വ്യക്തമാക്കി. പ്രതിഷേധ സമരത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന വിഘടനവാദ ഘടകങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും കര്‍ഷകരോട് അദേഹം ആവശ്യപ്പെട്ടു.
കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയ്ക്ക് വിലക്കേര്പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തുന്ന സമരം തടയണമെന്നാണ് കേന്ദ്രം സുപ്രീം കടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് കര്‍ഷകരോട് ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിച്ചേരാന്‍ ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഒഡിനേഷന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.






