ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്ഷേത്രനിര്‍മ്മാണത്തിന് തുക കണ്ടെത്തുന്നതിന് വേണ്ടി രാജ്യവ്യാപകമായി സംഭാവന സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതി അഞ്ചു ലക്ഷത്തി നൂറ് രൂപ സംഭാവനയായി നല്‍കിയത്. ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് കോ പ്രസിഡന്റ് ഗോവിന്ദ് ദേവ് ഗിരിജി മഹരാജ്, വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍, ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി തലവന്‍ നൃപേന്ദ്ര മിശ്ര എന്നിവരാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സംഭാവന സ്വീകരിച്ചത്.
ക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്കിയ വ്യക്തിയാണ് രാഷ്ട്രപതി. രാജ്യത്തെ ഹിന്ദു ഭവനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്ന രാമജന്മഭൂമി മന്ദിര്‍ നിധി സമര്പ്പണ് അഭിയാന് എന്ന ക്യാമ്പയിനാണ് വിഎച്ച്പി ആരംഭിച്ചിരിക്കുന്നത്. ജനുവരി 15 ന് ആരംഭിച്ചിരിക്കുന്ന ക്യാമ്പയിന് ഫെബ്രുവരി 10 ന് അവസാനിക്കും. 1100 കോടി രൂപയാണ് ക്ഷേത്ര നിര്‍മ്മാണ ചെലവായി പ്രതീക്ഷിക്കുന്നത്.
2020 ഓഗസ്റ്റില്‍ പ്രധാനമന്ത്രിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. സര്‍ക്കാര്‍ സഹായവും വിദേശ സഹായവും കോര്‍പ്പറേറ്റ് സഹായവുമില്ലാതെ ക്ഷേത്രം നിര്‍മ്മിക്കുന്നതിനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഇതിനായി 10, 100, 1000 രൂപയുടെ റസീപ്റ്റുകളാണ് സംഭാവനയ്ക്കായി ഉപയോഗിക്കുന്നത്.






