ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജി-7 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ ക്ഷണിച്ച് ബ്രിട്ടന്. ജി-7 ഉച്ചകോടിയ്ക്ക് മുന്‍പായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷന് പ്രസ്താവനയില്‍ പറയുന്നു. ജൂണിലാണ് ജി-7 ഉച്ചകോടി നടക്കുക. ഇന്ത്യയെ ലോകത്തിന്റെ ഫാര്‍മസി എന്നാണ് ബ്രിട്ടന് വിശേഷിപ്പിച്ചത്.
ബ്രിട്ടന് വാക്സിന് നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ലോകത്തിന് ആവശ്യമായ വാക്സിനുകളുടെ അമ്പതു ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് ബ്രിട്ടണും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നും ബ്രട്ടീഷ് ഹൈക്കമ്മിഷന് വ്യക്തമാക്കി.
ജൂണ്‍ 11 മുതല്‍ 14 വരെയാണ് ഉച്ചകോടി നടക്കുന്നത്. കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രിട്ടന്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും പങ്കെടുക്കും. ഇന്ത്യയ്ക്ക് പുറമേ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.






