
പാലക്കാട്: കേരളത്തിലെ ജനപ്രിയനായ കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി വിഎസ് അച്യൂതാനന്ദന് ആര് പകരക്കാരനാകും? നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്ക്കുമ്പോള് ഉയരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ മലമ്പുഴയില്‍ സിപിഎം ആരെ പരീക്ഷിക്കും എന്നതാണ്. കഴിഞ്ഞ ടേം വരെ പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാമ്പയിനറായിരുന്ന വിഎസ് അച്യുതാനന്ദന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും മാറി വിശ്രമത്തിലാണ്.
ഭരണപരിഷ്ക്കാര കമ്മീഷന് പദവി ഉള്‍പ്പെടെ ഒഴിഞ്ഞ് മാറി നില്ക്കുമ്പോള് മലമ്പുഴയില്‍ ആരെ കളത്തിലിറക്കും എന്ന ആലോചനയിലാണ് സിപിഎം. ഒരിക്കല്‍ പോലും സിപിഎം തോല്‍ക്കാത്ത മണ്ഡലത്തില്‍ നിന്നും വിഎസ് ഒഴിവാകുമ്പോള്‍ അത്രയും ജനപ്രിയന് തന്നെ പകരക്കാരനാകണമെന്നതാണ് കുഴയ്ക്കുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍ എന്‍ കൃഷ്ണദാസ്, എം ബി രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ ചര്‍ച്ചയിലുളളത്. വിഎസിന്റെ സാന്നിദ്ധ്യം കൊണ്ടു തന്നെ കേരളത്തില്‍ ഏറ്റവും അറിയപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് മലമ്പുഴ. 2001 മുതല്‍ വിഎസ് ഇവിടെ അപരാജിതനാണ്.
വന്‍ ഭൂരിപക്ഷം നേടിയ വിഎസിന്റെ വിജയത്തിനൊപ്പം നില്ക്കുന്ന സ്ഥാനാര്‍ത്ഥിയെ വേണം സിപിഎമ്മിന് പരിഗണിക്കാന്‍. നാടുമായി ബന്ധമുള്ളവര്‍ തന്നെ വേണം വിഎസിന് പകരക്കാരനാകാന്‍ എന്ന നിലപാടാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്. ഇക്കാര്യം അവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന കമ്മറ്റിയംഗം എന്‍.എന്‍.കൃഷ്ണദാസും ജില്ലയില്‍ എല്ലാവര്ക്കും പ്രിയങ്കരനായ എംബി രാജേഷും ഉള്‍പ്പെടെ ആറു പേരുകളാണ് പരിഗണിക്കുന്നത്. ജില്ലാക്കമ്മറ്റി അംഗമായ പി.എ. ഗോകുല്‍ദാസ്, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ പേരുകളും കേള്‍ക്കുന്നുണ്ട്.
ജില്ലയില്‍ സിപിഎമ്മിന് കടുത്ത വെല്ലുവിളിയാകാന്‍ പോകുന്നത് ബിജെപിയാണെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ്് ചൂണ്ടിക്കാട്ടുന്നത്. വിഎസിന്റെ അഭാവത്തില്‍ ഈ സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സിപിഎമ്മിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ തവണ കെഎസ് യുവിന്റെ നേതാവിനെയാണ് കോണ്‍ഗ്രസ ഇവിടെ പരീക്ഷിച്ചത്. എന്നാല്‍ അവര്‍ മൂന്നാം സ്ഥാനത്തായി പോയിരുന്നു. ബിജെപിയുടെ സി കൃഷ്ണദാസാണ് രണ്ടാമത് വന്നത്. 27,412 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറി. പാലക്കാട് ജില്ലയില്‍ ബിജെപി ശക്തമായ സ്വാധീനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണയും സിപിഎമ്മിന്റെ മുഖ്യ എതിരാളി ബിജെപി ആയിരിക്കും. വിഎസിന് കിട്ടിയ ഭൂരിപക്ഷം ഇത്തവണ ഇവിടെ മത്സരിക്കുന്ന ഇടതു സ്ഥാനാര്‍ത്ഥിക്ക് കണ്ടെത്താനാകുമോ എന്നതാണ് സിപിഎം ഉറ്റു നോക്കുന്നത്.






