
സിഡ്നി: ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത് വലിയ വിവാദമായിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദിന് സിറാജിനും നേരെയാണ് കാണികളില്‍ നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. ഇക്കാര്യം ഇന്ത്യന്‍ നായകന് അജിങ്ക്യ രഹാനെ അമ്പയര്‍മാരെ അറിയിക്കുകയും ഇന്ത്യന്‍ ടീം പരാതി നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കാണികളെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദ സംഭവം ഉണ്ടായതിനു പിന്നാലെ ഇന്ത്യയ്ക്ക് സിഡ്നി ടെസ്റ്റില്‍ നിന്ന് പിന്മാറാന് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നുവെന്നാണ് മുഹമ്മദ് സിറാജ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ രഹാനെ ഇത് വിസമ്മതിക്കുകയായിരുന്നു.
പര്യടനത്തിന് ശേഷം ഹൈദരാബാദില്‍ തിരിച്ചെത്തിയ ശേഷമാണ് സിറാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. പര്യടനത്തിനിടെ മരിച്ച പിതാവിനെ സംസ്കരിച്ചിടത്ത് എത്തിയതിനു ശേഷമാണ് സിറാജ് മാധ്യമങ്ങളെ കണ്ടത്. വംശീയ പരാമര്‍ശങ്ങളില്‍ അസ്വസ്ഥരാണെങ്കില്‍ കളി ഉപേക്ഷിച്ച് പോകാമെന്ന് അമ്പയര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ എന്തിനാണ് ഗെയിം ഉപേക്ഷിക്കേണ്ടത്? തങ്ങള്‍ ഗെയിമിനെ ബഹുമാനിക്കുന്നുവെന്നും, തങ്ങള്‍ ഇവിടെ കളിക്കാനാണ് എത്തിയതെന്നും രഹാനെ മറുപടി നല്‍കുകയായിരുന്നുവെന്നും സിറാജ് പറഞ്ഞു.






