
സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും ദക്ഷിണ കൊറിയൻ ടെക് ഭീമന്മാരായ എൽജി പിൻവാങ്ങുന്നതായി റിപ്പോർട്ട്. കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് പ്രകാരം സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ മത്സരം ആണ് എൽജി പിൻവാങ്ങാൻ കാരണം. സ്മാർട്ട്ഫോൺ വിഭാഗം പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുകയോ, പൂർണമായി വിൽക്കാനോ, പ്രവർത്തനം ചുരുക്കുകയോ ചെയ്യാനാണ് എൽജിയുടെ നീക്കം.
സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിന്മാറിയാൽ തങ്ങളുടെ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടില്ല എന്ന് എൽജി പറയുന്നു. സ്മാർട്ട്ഫോൺ വിഭാഗത്തിൽ ജോലി ചെയുന്ന 60 ശതമാനത്തോളം തൊഴിലാളികളെ കമ്പനിയിൽ തന്നെ മറ്റു വിഭാഗങ്ങളിലെക്ക് പുനർനിയമനം നൽകും. എന്നാൽ, ബാക്കി 40 ശതമാനത്തോളം വരുന്ന തൊഴിലാളികളുടെ കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 4.5 ബില്യൺ ഡോളറിന്റെ (ഏകദേശം 32856 കോടി) നഷ്ടം ആണ് കഴിഞ്ഞ 5 വർഷം കൊണ്ട് എൽജി റിപ്പോർട്ട് ചെയ്തത്. ഇതാണ് നഷ്ടം വരുത്തിവയ്ക്കുന്ന ബിസിനസ്സിൽ നിന്നും എൽജിയെ പിൻമാറാൻ തീരുമാനിച്ചത്.
സ്മാർട്ട്ഫോൺ വിഭാഗത്തിലെ തൊഴിലാളികൾക്ക് എൽജി സിഇഓ ക്വോൻ ബോങ്-സിയോക് ദിശാമാറ്റം സംബന്ധിച്ച സൂചനകൾ നൽകി ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നാണ് കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്. കഴിഞ്ഞ വർഷം എൽജി ഇരട്ട സ്ക്രീനുള്ള വെൽവെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 44,990 രൂപ ആണ് വില. എന്നാൽ, ഇപ്പോൾ നടക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്സ് 2021 വില്പനയിൽ ഈ ഫോൺ ഏതെങ്കിലും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 39,990 രൂപയിൽ സ്വന്തമാക്കാം.






