
കൊല്‍ക്കത്ത: രാജ്യത്തെ കേന്ദ്രഭരണ പ്രദേശം ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു തീയതി നിശ്ചയിക്കാനൊരുങ്ങി തിരഞ്ഞെടുപ്പു കമ്മീഷന്. ബംഗാളിലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി ആദ്യ ആഴ്ചയില്‍ നടത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.
കോവിഡ് കണക്കിലെടുത്ത് ഏഴ് മുതല്‍ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന് ആലോചിക്കുന്നത്. മെയ് അഞ്ചിനുളളില്‍ നടപടി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ലോക്ഡൗണ്‍ കാരണം നീട്ടിവച്ച പത്ത്, പ്ലസ് ടു പരീക്ഷകള്‍ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നിര്‍ബന്ധിതമായതെന്ന് കമ്മിഷന് വൃത്തങ്ങള്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത്തവണ വിവധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് ലക്ഷ്യമിടുന്നത്.
ഇത്തവണ കോവിഡ് നിയന്ത്രണം കണക്കിലെടുത്ത് പോളിങ് ബൂത്തുകളുടെ എണ്ണം കഴിഞ്ഞ തവണത്തതേിനേക്കാള് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 1,01,790 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ ഒരുക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് സുരക്ഷയില്‍ നിന്ന് ബംഗാള്‍ പൊലീസിനെ ഒഴിവാക്കണമെന്ന് ബി.ജെ.പി ഉള്‍പ്പടെയുളള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍തന്നെ സി.ആര്.പി.എഫിന് സുരക്ഷാ ചുമതല നല്കാന് സാധ്യത. ബംഗാള്‍ പൊലീസിനെ വിന്യസിക്കില്ലെന്ന് സുനില്‍ അറോറ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സംസ്ഥാനത്ത് സി.ആര്.പി.എഫ്. ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. എന്നാല്‍ സി.ആര്.പി.എഫിനെ സംസ്ഥാനത്ത് വിന്യസിപ്പിക്കുന്നതിനു പിന്നില്‍ ബി.ജെ.പി.യുടെ രാഷ്ട്രീയ തന്ത്രമാണെന്നുന്നയിച്ച് തൃണമൂല്‍ നേതാക്കള്‍ രംഗത്തുവന്നു.






