
കൊച്ചി : എം. ശിവശങ്കറിന്റെ ശിപാര്‍ശയില്‍ ഷാര്‍ജയിലെ ഐ.ടി. സ്ഥാപനത്തില്‍ ജോലിക്ക് അഭിമുഖത്തിനെത്തിയ സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രതിമാസ ശമ്പളം ആറു ലക്ഷം രൂപ. ഇത്രയും തുക നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ അവര്‍ മടങ്ങുകയായിരുന്നുവെന്നു മസ്കറ്റിലുള്ള കോളജിന്റെ മാനേജിങ് ഡയറക്ടറും പൊന്നാനി സ്വദേശിയുമായ ലഫീര്‍ മുഹമ്മദ് അന്വേഷണ ഏജന്‍സികള്‍ക്കു മൊഴി നല്കി.
ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സ്വപ്ന കോളജില്‍ എത്തിയ ദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും അവിടെ എത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. തന്റെ കോളജിലെ ഡീനായ ഡോ. കിരണ്‍ രാധാകൃഷ്ണനാണു ശിവശങ്കറെ തനിക്കു പരിചയപ്പെടുത്തിയതെന്നു ലഫീര്‍ മുഹമ്മദ് മൊഴി നല്കി. ശിവശങ്കറാണു തനിക്കു സ്വപ്നയെ പരിചയപ്പെടുത്തുന്നത്. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ തന്റെ സ്ഥാപനത്തില്‍ സ്വപ്നയെ ജോലിയ്ക്കെടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും ലഫീര്‍ പറഞ്ഞു.
ലഫീറിന്റെ സുഹൃത്തായ ഒമാന്‍ സ്വദേശി ഖാലിദ് എന്നയാള്‍ ഷാര്‍ജയില്‍ നടത്തുന്ന ഐ.ടി. സ്ഥാപനത്തിലാണു 2018 ല്‍ സ്വപ്ന ഇന്റര്‍വ്യൂവിന് എത്തിയത്. ഇയാള്‍ തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റായ ഖാലിദ് തന്നെയാണോ എന്നു സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ ഒരു ഘട്ടത്തില്‍ സംശയിച്ചിരുന്നു. എന്നാല്‍, ഒമാന്‍ സ്വദേശി ഖാലിദ് രോഗത്തെത്തുടര്‍ന്നു മരിച്ചുപോയെന്നു വിവരം ലഭിച്ചിട്ടുണ്ട്.
'' കേരളത്തില്‍ നിക്ഷേപം നടത്തുന്നതു വേണ്ടത്ര ലാഭകരമല്ലെന്നു കണ്ടാണു ഗള്‍ഫില്‍ പണം മുടക്കാന്‍ തീരുമാനിച്ചത്. നിലവില്‍ കേരളത്തില്‍ ഒരു ആശുപത്രിയുടെ ട്രസ്റ്റിയാണ്. മസ്കറ്റിലെ കോളജില്‍ മൂന്നിലൊന്നു മുതല്‍ മുടക്കാണു തനിക്കുള്ളത്. ആ രാജ്യത്തെ നിയമമനുസരിച്ചു ബാക്കി മൂന്നിലൊന്നു വീതം പ്രതിരോധ വകുപ്പും സര്‍ക്കാരുമാണു മുതല്‍മുടക്ക്. രാജ്യത്തു വിദേശനിക്ഷേപം പരിധിവിടുന്നതു തടയാനാണ് ഈ നിയമമുള്ളത്.
മസ്കറ്റില്‍ കോളജ് തുടങ്ങും മുമ്പു റിയല്‍എസ്റ്റേറ്റ് ബിസിനസ് ചെയ്തു. ആ നിലയ്ക്കുള്ള ബന്ധങ്ങള്‍ ഉണ്ട്. യു.കെയില്‍ ബിസിനസ് മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ പി.എച്ച്.ഡി. ചെയ്യുകയാണ്. ഗവേഷണം തീരാറായി.''-ലഫീര്‍ മൊഴി നല്കി. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സ്വപ്നയ്ക്കു ജോലി നല്കാന് ശ്രമിച്ചതുമായി ബന്ധപ്പെട്ടാണു കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ലഫീറിന്റെ മൊഴി എടുത്തത്. 28 നു വീണ്ടും ഹാജരാകാനും ചില രേഖകള്‍ ഹാജരാക്കാനും ലഫീറിനോടു നിര്‍ദേശിച്ചിട്ടുണ്ട്.






