
തളിപ്പറമ്പ്: 'വെള്ളം' തിയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍, സന്തോഷിക്കുന്ന ഒരാള്‍ കണ്ണൂര്‍ തളിപ്പറമ്പിലെ തൃച്ചംബരത്തുണ്ട്. സാധാരണക്കാരനില്‍നിന്ന് വ്യവസായിയിലേക്ക് വളര്‍ന്ന കുന്നുംപുറത്ത് മുരളി. മുരളിയുടെ ജീവിതമാണ് സംവിധായകന് പ്രജേഷ്സെന്‍ സിനിമയാക്കിയത്. കോവിഡ് കാലത്തിനു ശേഷം കേരളത്തിലാദ്യമായി റിലീസ് ചെയ്ത 'വെള്ള'ത്തില്‍ മുരളിയായി അഭിനയിക്കുന്നത് ജയസൂര്യയാണ്.
ചിത്രം വിജയമായതിന് പിന്നാലെ അതിലെ പ്രധാനകഥാപാത്രമായ മുരളിയുടെ ജീവിതവും ചര്‍ച്ചയായിരിക്കുകയാണ്. അമിത മദ്യപാനത്തില്‍ നിന്നും മുക്തമായി ജീവിതത്തിലേക്ക് തിരിച്ചു വരുന്ന മുരളിയുടെ കഥയാണ് സിനിമ പങ്കുവയ്ക്കുന്നത്.
തൃച്ചംബരത്തെ സാധാരണ യുവാവായിരുന്നു മുരളി കുന്നുംപുറം. 2003 ലാണ് താന്‍ മദ്യത്തിന് അടിമപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2008 കാലഘട്ടം വരെ അത് നീണ്ടുനിന്നു. 27 വയസുവരെ മദ്യാസക്തിയുടെ ഇരയായിരുന്നു മുരളി. മദ്യത്തിന് അടിമപ്പെട്ടതുകൊണ്ടുതന്നെ അതിന്റെ ഭവിഷ്യത്തുകളും അനുഭവിച്ചിരുന്നു. അക്രമാസക്തനാകുകയും അതിനാല്‍ നാട്ടുകാരും വീട്ടുകാരും തന്നെ വെറുത്തതായും അദ്ദേഹം പറഞ്ഞു.
സിനിമയില്‍ കാണുന്നതുപോലെ തന്നെ മദ്യപിച്ച് കടത്തിണ്ണകളിലും വഴിയോരങ്ങളിലും കിടന്നുറങ്ങുകയും ചെയ്തിട്ടുണ്ടെന്നും മുരളി പറഞ്ഞു. തുടര്‍ന്ന് കോഴിക്കോട്ടെ ഡീ അഡിക്ഷന് സെന്ററില്‍ എത്തിച്ച് താല്‍ക്കാലികമായി വിട്ടുനിന്നെങ്കിലും വീണ്ടും മദ്യപാനത്തിലേക്ക് തന്നെ തിരിയുകയായിരുന്നു. മൂന്ന് നാല് ദിവസത്തെ മദ്യപാനത്തെ തുടര്‍ന്ന് വിശന്നപ്പോള്‍ ആളുകളുടെ മുന്നില്‍ കൈനീട്ടിയ അവസ്ഥ വരെ തനിക്ക് ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് കോഴിക്കോട് നിന്നും തൃച്ചംബരത്തെ വീട്ടിലെത്തിയ ശേഷം കൈവിടാതെ നിന്ന മാതാപിതാക്കളാണ് തനിക്ക് പുനര്ജന്മം നല്‍കിയതെന്ന് മുരളി പറഞ്ഞു.
തന്റെ മകന് നന്നാകുമെന്ന് പറഞ്ഞ് അച്ഛന് നല്കിയ 200 രൂപ നോട്ടുമായി അദ്ദേഹം വീണ്ടും കോഴിക്കോട്ടെ ഡീ അഡിക്ഷന് സെന്ററിലേക്ക് വണ്ടി കയറി. 2008 ലാണ് പുതിയൊരു മനുഷ്യനായി മാറിയത്. നിലവില്‍ 29 രാജ്യങ്ങളില്‍ ടൈല്‍സ് കയറ്റിയയക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണ് മുരളി. തിയറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസിലേക്ക് വന്നത് തന്റെ അന്നത്തെ ജീവിതമാണ്. അന്ന് തനിക്ക് ബോധമില്ലായിരുന്നു. അതുകൊണ്ടുതന്നെ മാതാപിതാക്കളും ഭാര്യയും അനുഭവിച്ച വിഷമതകള്‍ മനസിലാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പിനെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതയുള്ള സിനിമ കൂടിയാണ് വെള്ളം. സിനിമ മുഴുവനായും ചിത്രീകരിച്ചത് തളിപ്പറമ്പ് ഭാഗത്തു തന്നെയാണ്. കൂടാതെ അഭിനയിച്ച ഒട്ടുമിക്കവരും തളിപ്പറമ്പ് സ്വദേശികള്‍ തന്നെ. സന്തോഷ് കീഴാറ്റൂര്‍, റിയാസ് കെ.എം.ആര്, സന്തോഷ് കീഴാറ്റൂരിന്റെ അനുജന് സുധീഷ് കീഴാറ്റൂര്‍, ജിജിന എന്നിവര്‍ ചെറുതല്ലാത്ത വേഷത്തില്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയുടെ കോ-റൈറ്ററായ വിജേഷ് വിശ്വവും ഒരുകുറി മാത്രം എന്ന ഗാനം ആലപിച്ച വിശ്വനാഥനും തളിപ്പറമ്പ് സ്വദേശിയാണ്.
'ക്യാപ്റ്റന്‍' എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ഈ സിനിമ എല്ലാ അര്‍ഥത്തിലും ഒരു കുടുംബ ചിത്രമാണ്. കുടുംബത്തിലെ പ്രശ്നങ്ങളും നാട്ടിന് പുറങ്ങളിലെ സൗഹൃദങ്ങളും രണ്ടര മണിക്കൂര്‍ ചിത്രത്തിലൂടെ വരച്ച് കാട്ടുന്നുണ്ട്. മുഴുക്കുടിയനില്‍ നിന്നും വലിയ വ്യാപാരിയിലേക്കുള്ള മുരളിയുടെ പ്രയാണം വളരെ തന്മയത്വത്തോടെയാണ് തിരക്കഥാകൃത്ത് എഴുതിച്ചേര്‍ത്തത്. സെന്‍ട്രല്‍ പിക്ചേഴ്സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, രഞ്ജിത്ത് മനമ്പ്രക്കാട്ട്, യദുകൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.