
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പിനു മുന്നോടിയായി എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന എല്‍.ഡി.എഫ്. യോഗം അവസാനിച്ചു. എന്‍.സി.പി. നേതാവ് മാണി സി. കാപ്പന് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ശരത് പവാറുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷമേ എല്‍.ഡി.എഫുമായി ഇനി ചര്ക്കുള്ളൂ എന്ന നിലപാടിലാണ് മാണി സി. കാപ്പന്.
മുന്നണി യോഗത്തില്‍ സീറ്റു വിഭജനം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യില്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവ പങ്കിളിത്തം ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടന്നത്. എല്‍.ഡി.എഫ്. ജാഥ, പ്രകടന പത്രിക എന്നിവിഷയങ്ങള് ഊന്നിയായിരുന്നു ചര്‍ച്ച.
ഇടതു മുന്നണിക്കുള്ളില്‍ എന്‍.സി.പി. പാലാ സീറ്റിനെചൊല്ലി തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ടി.പി. പീതാംബരന്, മാണി സി. കാപ്പന്, എ. കെ. ശശീന്ദ്രന് എന്നിവര്‍ പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പാലാ സീറ്റ് വിട്ടുനല്കിയില്ലെങ്കില് എന്‍.സി.പി. മുന്നണിവിടുമെന്ന പരോക്ഷ നിലപാട് പ്രത്യക്ഷത്തില്‍ അംഗീകരിക്കപ്പെടാനും സാധ്യതകളേറെയായിരുന്നു. എന്നാല്‍ ഈ വിഷയം ചര്‍ച്ചചെയ്യാതെ നിലവിലെ പ്രതിസന്ധി മറികടക്കാനായിരുന്നു സി.പി.എം. ശ്രമം.






