
കൊച്ചി: വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കു ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ് അയച്ചു. ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണു ഹൈക്കോടതി നടപടി.
തൃശൂര്‍ സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് 22 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് മരിച്ച സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാണു പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
കേരളാ ഗെയിമിങ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാര്‍ഹമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഓണ്‍ലൈനിലും മറ്റും ഇതിനു നിയന്ത്രണമില്ല.
സംസ്ഥാന സര്‍ക്കാരാണ് ഇതിനെതിരെ നിയമം നിര്‍മിക്കേണ്ടത്. കേസില്‍ കഴമ്പുണ്ടെന്നു തോന്നിയതു കൊണ്ടാണ് പത്തു ദിവസത്തിനുള്ളില്‍ നടപടി അറിയിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ റമ്മി നടത്തുന്ന സ്ഥാപനങ്ങളെയും സര്‍ക്കാരിനെയും ഐടി വകുപ്പിനെയും ടെലികോം റെഗുലേറ്ററി അതോറിറ്റിയെയും കക്ഷികളാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി.






