
ന്യൂഡല്‍ഹി: കര്‍ഷകരുടെ ന്യൂഡല്‍ഹി ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷത്തിനിടെ ചെങ്കോട്ടയില്‍ സിഖ് പതാകയായ ''നിഷാന്‍ സാഹിബ്'' ഉയര്‍ത്തിയതിനു പിന്നില്‍ പഞ്ചാബി നടന് ദീപ് സിദ്ദു. നടനും സാമൂഹികപ്രവര്‍ത്തകനുമായ ദീപ് സിദ്ദു ബോളിവുഡ് നടനും ബി.ജെ.പി. എം.പിയുമായ സണ്ണി ഡിയോളിന്റെ മുന്‍ അനുയായി ആണ്. മുന്‍നിശ്ചയിച്ച വഴിയില്‍നിന്നും ട്രാക്ര്‍ റാലിയുടെ പാത മാറ്റി ചെങ്കോട്ടയിലേക്കു നീങ്ങിയതിനു പിന്നിലും ദീപ് സിദ്ദുവാണെന്നാണ് ആരോപണം.
രാജ്യത്തിന്റ അഭിമാനങ്ങളിലൊന്നായ ചെങ്കോട്ടയില്‍ സിഖ് പതാക സ്ഥാപിച്ചത് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകവിമര്‍ശനത്തിന് ഇടയാക്കുകയും കര്‍ഷക സമരത്തെ പിന്തുണച്ചവര്‍ അടക്കമുള്ളവരില്‍നിന്ന് രൂക്ഷമായ എതിര്‍പ്പു ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. സമാധാനപരമായ സമരത്തെ കരിതേച്ചുകാണിക്കാന്‍ ദീപ് സിദ്ദു സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നു കര്‍ഷക നേതാക്കള്‍ ആരോപിച്ചു. ദീപ് സിദ്ദു സിഖ് സംഘടനാപ്രവര്ത്തകനല്ല, മറിച്ച് ബി.ജെ.പി. പ്രവര്‍ത്തകനാണെന്ന് ഭാരത് കിസാന്‍ യൂണിയന് നേതാവ് രാജേഷ് ടികായത്ത് ആരോപിച്ചു. ദീപ് സിദ്ദുവിന് പിന്നില്‍ ആര് എന്ന ചോദ്യം ഉയര്‍ത്തുന്നത് ഒട്ടേറെ ദുരൂഹതകളാണ്.
സ്വന്തം നടപടിയെ ന്യായീകരിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റില്‍ ദീപ് സിദ്ദു അവകാശപ്പെടുന്നത് അതൊരു പ്രതീകാത്മക പ്രതിഷേധമാണെന്നും ദേശീയപതാക നീക്കം ചെയ്തിട്ടില്ലെന്നുമാണ്. പെട്ടെന്നുണ്ടായ തീരുമാനത്തിലാണ് പതാക ഉയര്‍ത്തിയതെന്നും സിദ്ദു പറയുന്നു. സമാധാനപരമായ സമരത്തെ കരിതേച്ചുകാണിക്കാന്‍ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ദീപ് സിദ്ദുവെന്നു വിവിധ കര്‍ഷക നേതാക്കള്‍ ആരോപിച്ചു. സമാധാനപരമായ സമരത്തില്‍ സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറിയെന്ന് കര്‍ഷകസമരത്തെ നയിക്കുന്ന 41 കര്‍ഷക സംഘടനകളുടെ വിശാലസമിതിയായ സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു.
ദീപ് സിദ്ദു സിഖ്കാരനല്ല., അയാള്‍ ബി.ജെ.പി. പ്രവര്‍ത്തകനാണ്,. ഇത് കര്‍ഷകരുടെ മുന്നേറ്റമാണ്. അത് അങ്ങനെതന്നെയായിരിക്കും.-ഭാരത് കിസാന്‍ യൂണിയന്റെ രാജേഷ് ടികായത്ത് പറഞ്ഞു. ചെങ്കോട്ടയില്‍ സംഭവിച്ചതിന്റെ മുഴുവന്‍ ഉത്തരവാദി ദീപ് സിദ്ദുവാണെന്നും പോലീസ് എന്തുകൊണ്ടാണ് സിദ്ദുവിനെ ചെങ്കോട്ടയില്‍ തടയായിരുന്നതെന്നും അയാള്‍ ഭരണകക്ഷിയുടെ അടുപ്പക്കാരനാണെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി നേതാവ് സത്നാം സിങ് പന്നു പറഞ്ഞു.






