
കോവിഡ് വാക്സിന് എത്തിയെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ വേണം ജീവിത രീതി മുന്നോട്ട് കൊണ്ട് പോകാനെന്നാണ് ആരോഗ്യ വിദഗ്ധര്‍ തരുന്ന മുന്നറിയിപ്പ്. മാസ്ക് ധാരണവും സാമൂഹിക അകലം ഉറപ്പാക്കലും സാനിറ്റൈസര്‍ ഉപയോഗവുമൊക്കെ കൃത്യമായി പാലിച്ചിരിയ്ക്കണം. ഇപ്പോള്‍ കോവിഡിനെ കുറിച്ചുള്ള പഠനഫലമാണ് പുറത്ത് വരുന്നത്. കോവിഡ് ശ്വാസകോശ രോഗം മാത്രമാണെന്ന ധാരണ തിരുത്തുന്ന പഠന ഫലമാണ് പുറത്ത് വന്നിരിയ്ക്കുന്നത്.
എലികളില്‍ നടത്തിയ പഠനഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്. എലികളില്‍ സാര്‍സ് കോവ്-2 വൈറസും ഒരു കൂട്ടം എലികളില്‍ സലൈന്‍ സൊല്യൂഷനും കുത്തിവച്ചു. വൈറസ് കുത്തിവച്ച എലികളുടെ ശ്വാസകോശത്തില്‍ മൂന്നു ദിവസത്തിനു ശേഷം വൈറസ് തോത് മൂര്‍ധന്യത്തിലെത്തി.
പിന്നീട് അത് കുറയാന്‍ തുടങ്ങി. എന്നാല്‍ രോഗം ബാധിച്ച് 5-6 ദിവസമായിട്ടും ഇവയുടെ തലച്ചോറിലെ വൈറസ് തോത് കുറഞ്ഞില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളേക്കാള്‍ 1000 മടങ്ങ് അധികമായിരുന്നു തലച്ചോറിലെ വൈറസിന്റെ തോതെന്നും പഠനത്തില്‍ കണ്ടെത്തി.
കോവിഡ് രോഗമുക്തി നേടി ശ്വാസകോശ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ ആയതിനു ശേഷവും ചില രോഗികള്‍ പെട്ടെന്ന് മരിക്കാറുണ്ട്. ഇതിന് പിന്നില്‍ ഇത്തരത്തില്‍ തലച്ചോറുമായി ബന്ധപ്പെട്ട വൈറസ് തോതാണെന്ന സംശയമാണ് ഇപ്പോള്‍ ഗവേഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇതേക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടക്കുകയാണെന്നും ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നു. തലച്ചോറിലാണ് വൈറസ് ഏറ്റവുമധികം കേടുപാടുകളുണ്ടാക്കുകയെന്ന് വൈറസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ജോര്‍ജിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.






