
ഒട്ടാവ: എയ്ഡ്സിന്റെ ഉറവിടം ആഫ്രിക്കന്‍ രാജ്യമായ കോംഗോ, ആദ്യ രോഗി ഒന്നാം ലോകയുദ്ധത്തിനിടെ പട്ടിണിയായിപ്പോയ പട്ടാളക്കാരനും. ഷെര്‍ബ്രൂക്ക് സര്‍വകലാശാലയിലെ ഗവേഷകനായ പ്രഫ. ഷാക് പെപിന് "ദ് ഒറിജിന്‍ ഓഫ് എയ്ഡ്സ്" എന്ന പുസ്തകത്തിലാണ് കണ്ടെത്തലുകള്‍ വിവരിക്കുന്നത്. 3.3 കോടിപ്പേരാണ് ഇതുവരെ എയ്ഡ്സ് ബാധിച്ചു മരിച്ചത്.
അദ്ദേഹം എയ്ഡ്സിലേക്കുള്ള പാത വിവരിക്കുന്നത് ഇങ്ങനെ:
ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മനിക്ക് ആഫ്രിക്കയില്‍ നിരവധി കോളനികളുണ്ടായിരുന്നു. ഇവ മോചിപ്പിക്കാന്‍ സഖ്യരാജ്യങ്ങള്‍ തീരുമാനിച്ചു. ബ്രിട്ടന്, ഫ്രാന്‍സ്, ബല്‍ജിയം സേനകള്‍ ചേര്‍ന്നു കാമറൂണ്‍ പിടിച്ചെടുക്കാനാണ് ആദ്യം ശ്രമിച്ചത്.
ഒന്നാം ലോകയുദ്ധത്തിനിടെ 1,600 ബല്‍ജിയന്‍, ഫ്രഞ്ച് സൈനികര്‍ ബല്‍ജിയത്തിന്റെ നിയന്ത്രണത്തിലുള്ള കോംഗോയില്‍നിന്നു കാമറൂണ്‍ പിടിച്ചെടുക്കാനെത്തുന്നു. ഇവര്‍ക്കൊപ്പം യുദ്ധ സാമഗ്രികള്‍ ചുമക്കാന്‍ 4000 പേരടങ്ങുന്ന സംഘവും.
മോശം റോഡുകള്‍ കാരണം സംഘം കോംഗോ നദിയും പോഷക നദിയായ സാങ്ഘയെയും യാത്രയ്ക്ക് ആശ്രയിക്കുന്നു.
മൊളാന്റേയില് സൈനികര്‍ എത്തുന്നു. നാട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. ഭക്ഷണം തീര്‍ന്നതോടെ സൈനികര്‍ പ്രതിസന്ധിയിലായി.
നാലു മാസമാണ് ഇവിടെ കഴിയേണ്ടിവന്നത്. ഇതോടെ വേട്ടയാടി ഭക്ഷണം കണ്ടെത്താനുള്ള ശ്രമത്തിലായി സൈനികര്‍. വേട്ടയാടലിനിടെ ചിമ്പാന്സികളില്നിന്നു എച്ച്.ഐ.വി. വൈറസ് മനുഷ്യനിലേക്ക്. സഖ്യസേന തദ്ദേശവാസികളായ സ്ത്രീകളെ പീഡിപ്പിച്ചത് സംബന്ധിച്ച് പരാതികള്‍ വ്യാപകമായിരുന്നു. സൈനികന്റെ പീഡനത്തിനിരയായ സ്ത്രീയാകാം ആദ്യ ഇര.
1916 ല്‍ മേഖലയിലെ യുദ്ധം അവസാനിക്കുന്നു. സൈനികര്‍ കൂടുതലായി കേന്ദ്രീകരിച്ചത് ലിയോപോള്ഡെലിലാണ്. വൈറസ് ബാധിതനായ സൈനികന് നാട്ടിലേക്ക്. ഇയാളില്‍നിന്നു സാവധാനം മറ്റുള്ളവരിലേക്ക് രോഗ പകര്‍ച്ച.
1960കളില്‍ മേഖല ദാരിദ്രത്തിന്റെ പിടിയിലായി. അതോടെ വേശ്യാവൃത്തി നടത്തുന്നവരുടെ എണ്ണം കൂടി. ഒപ്പം ലിയോപോള്ഡെലില് രോഗികളുടെ എണ്ണവും.
ഈ സമയം കോംഗോ സന്ദര്‍ശിച്ച ഹെയ്ത്തിയില്നിന്നുള്ള വ്യക്തി രോഗബാധിതനായി. സ്വവര്‍ഗാനുരാഗിയായിരുന്ന ഇയാളില്‍നിന്ന് യു.എസ്. പൗരന്മാരിലേക്ക് രോഗം പടര്‍ന്നു. വൈകാതെ രോഗം യൂറോപ്പിലുമെത്തി.






