
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് രണ്ടുതവണ നിയമസഭാംഗമായ ദീപക് ഹല്‍ദാറാണ് ഇത്തവണ പാര്‍ട്ടി വിട്ടത്. ജോലി ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ പാര്‍ട്ടി വിടുന്നു എന്നാണ് ദീപക് ഹല്‍ദാര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കു പോകുമോ എന്ന കാര്യത്തില്‍ വ്യക്തവരുത്തിയിട്ടില്ല.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പടുക്കാനിരിക്കെ ജനപിന്തുണയുള്ള നിരവധി നേതാക്കളാണ് തൃണമൂല്‍ കോണ്‍ഗ്രസിനേയും മമതയേയും ഉപേക്ഷിച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഇവരില്‍ ഭൂരിഭാഗവും ബി.ജെ.പി.യിലേക്കാണ് ഒടുക്കം എത്തുന്നതും. ഹര്ദാറിന്റെ തുടര്‍ നീക്കങ്ങളെക്കുറിച്ച് നിലവില്‍ പാര്ട്ടിക്കുളഅളിലും വ്യക്തമായ മറുപടികളില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു നല്‍കാത്തതിനാലാണ് ഹല്‍ദാര്‍ രാജിവെച്ചതെന്നാണ് പാര്‍ട്ടി നേതൃത്വം നല്കുന്ന വിശദീകരണം. സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ടു പോകുന്നവരെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് മമത നേരത്തെതന്നെ പറഞ്ഞിരുന്നു.
തൃണമൂലിനെ ലക്ഷ്യം വെച്ചുള്ള അമിത് ഷായുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറ ഇളക്കിത്തുടങ്ങുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ നേതാക്കള്‍ ടിഎംസിയില്‍ നിന്ന് പുറത്തുപോയിരുന്നു. അവരില്‍ ഭൂരിഭാഗവും ഉടന്‍ തന്നെ ബിജെപിയിലും ചേര്‍ന്നു. കഴിഞ്ഞ ശനിയാഴ്ചയും അഞ്ച് ടിഎംസി നേതാക്കള്‍ ബിജെപിയില്‍ ചേരാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാ ഷായെ കാണാനുമായി ഡല്‍ഹിയിലേക്ക് പോയിരുന്നു. അമിത് ഷായും മമതയും ഈ തിരഞ്ഞെടുപ്പില്‍ നേരിട്ട് പ്രചരണ രംഗത്തെത്തും.






