
നാളുകള്‍ക്ക് ശേഷം ചിരിയ്ക്കാന്‍ കഴിയുന്ന സന്തോഷത്തിലാണ് ഇരുപത്തിരണ്ടുകാരനായ ജോ ഡിമിയോ. രണ്ട് കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടായ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റതോടെയാണ് ജോയ്ക്ക് തന്റെ മുഖം തന്നെ നഷ്ടമായ അവസ്ഥയിലായത്. 2018 ജൂലായിലെ ഒരു രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അറിയാതെ മയങ്ങിയതോടെയാണ് ജോയുടെ വാഹനം അപകടത്തില്‍ പെടുന്നത്.
കാറിലുണ്ടായ സ്ഫാടനത്തില്‍ ശരീരത്തിന്റെ 80 ശതമാനത്തോളമാണ് ജോയ്ക്ക് പൊള്ളലേറ്റത്. കൈവിരലുകളും ചുണ്ടുകളും കണ്‍പോളകളും ജോയ്ക്ക് നഷ്ടമായി. കണ്ണുകളുടെ കാഴ്ചയ്ക്കും മങ്ങലേറ്റതോടെ സാധാരണ ജീവിതം ജോയ്ക്ക് നഷ്ടമായി. നാല് മാസത്തോളം പൊള്ളല്‍ ചികിത്സാ വിഭാഗത്തില്‍ കഴിഞ്ഞ ജോ നിരവധി ഗ്രാഫ്റ്റിങ്ങുകള്ക്ക് വിധേയനായി. ജീവന് രക്ഷിക്കാന്‍ നിരവധി തവണ രക്തം മാറ്റല്‍ നടന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം രണ്ടര മാസത്തോളം മെഡിക്കല്‍ കോമയിലും ജോ തുടര്‍ന്നു. 2020 ഓഗസ്റ്റ് 12നാണ് സങ്കീര്‍ണമായ അവയവമാറ്റ ശസ്ത്രക്രിയ ജോയ്ക്ക് നടന്നത്.
96 വിദഗ്ധര്‍ പങ്കുചേര്‍ന്ന ശസ്ത്രക്രിയ 23 മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയായത്. ആശുപത്രിയിലെ വദനമാറ്റ ശസ്ത്രക്രിയ വിഭാഗം മേധാവി എഡ്യൂര്‍ഡോ റോഡ്രിഗ്വിസ് ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. നെറ്റി, പുരികം, ചെവികള്‍, മൂക്ക്, കണ്പോളകള്, ചുണ്ട്, കവിളുകള്‍, തലയോട്ടി, മൂക്ക്, താടി തുടങ്ങിയ ഭാഗത്തെ അസ്ഥികള്‍ തുടങ്ങി ജോയുടെ മുഖം പൂര്‍ണമായും മാറ്റി വെച്ചു. പിന്നീട് രണ്ട് കൈകളും മാറ്റി വെക്കുകയായിരുന്നു. പതിയെപ്പതിയെ ജോ പുതിയ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ തുടങ്ങി. കൈകളുടെ പ്രവര്‍ത്തനം കറച്ചു കൂടി മെച്ചപ്പെടാനുണ്ടെന്ന് ഡോക്ടര്‍ എഡ്യൂര്‍ഡോ വ്യക്തമാക്കി.
തനിക്ക് പുതുജീവിതം നല്കിയ മെഡിക്കല്‍ സംഘത്തിനും കുടുംബത്തിനും തനിക്ക് മുഖവും കൈകളും നല്കിയ അജ്ഞാത ദാതാവിന്റെ കുടുംബത്തിനും ജോ നന്ദിയറിയിച്ചു. കുഞ്ഞുങ്ങള്‍ സാധനങ്ങള്‍ ആദ്യമായി പിടിക്കുന്നതു പോലെയാണ് താന്‍ വസ്തുക്കള്‍ പുതിയ കൈകളുപയോഗിച്ച് എടുക്കാന്‍ ശ്രമിക്കുതെന്ന് ജോ പറഞ്ഞു. കുറച്ചു കാലം ഇല്ലാതിരുന്ന കൈകള്‍ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നതിന്റെ ചില പ്രയാസങ്ങളേയുള്ളുവെന്നും അത് താമസിയാതെ മാറുമെന്നും ജോ പറഞ്ഞു






