
തിരുവനന്തപുരം: സി-ഡിറ്റില്‍ കരാര്‍ ജീവനക്കാരുടെ കാലാവധി അഞ്ചു വര്‍ഷത്തിനപ്പുറം നീട്ടേണ്ടെന്നു സര്‍ക്കാര്‍ തീരുമാനം. പത്തു വര്‍ഷം തികച്ചെന്ന പേരില്‍ ഇഷ്ടക്കാര്‍ക്കു സ്ഥിരനിയമനം നല്കിയ ഉത്തരവിലാണു ഭാവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയായവരെ പിരിച്ചുവിടണമെന്ന നിര്‍ദേശം.
114 പേരെയാണു കഴിഞ്ഞ ദിവസം സ്ഥിരപ്പെടുത്തിയത്.പത്തു വര്‍ഷം പൂര്‍ത്തിയായവരെ മാനുഷിക പരിഗണനയില്‍ സ്ഥിരപ്പെടുത്തുന്നുവെന്നു വിശദീകരിക്കുന്നതിനൊപ്പമാണ് ഇനി മുതല്‍ കരാര്‍ ജീവനക്കാരെ അഞ്ചു വര്‍ഷം തികയുമ്പോള്‍ പിരിച്ചുവിടണമെന്നു നിര്‍ദേശിക്കുന്നത്. സര്‍വ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയായിരുന്നു 114 പേരുടെ സ്ഥിരപ്പെടുത്തല്‍. നിയമവകുപ്പിന്റെയും ഐടി സെക്രട്ടറിയുടെയും വിയോജിപ്പ് അവഗണിച്ചായിരുന്നു മന്ത്രിസഭാ തീരുമാനം.
കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്നതിനാല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കണമെന്ന ശിപാര്‍ശയും മുക്കി. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ഐടി വകുപ്പിനു കീഴിലെ പിന്‍വാതില്‍ നിയമനങ്ങള്‍ വിവാദത്തിലിരിക്കെയാണു സിഡിറ്റിലെ സ്ഥിരപ്പെടുത്തല്‍.
ഇതുവരെ നടപ്പാക്കാത്ത രീതികള്‍ ഇപ്പോഴത്തെ സ്ഥിരപ്പെടുത്തലില്‍ ചൂണ്ടിക്കാട്ടുന്നത് യു.ഡി.എഫ്. കാലത്തു നടത്തിയ കരാര്‍ നിയമനങ്ങളെയാകും ആദ്യം ബാധിക്കുക. 2012 മുതല്‍ 2016 വരെ കരാര്‍ നിയമനം ലഭിച്ചവരെ ഒഴിവാക്കാനും ഈ ഉത്തരവ് വഴിയൊരുക്കും.






