
ന്യൂഡൽഹി: വാട്‌സ്ആപ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകൾ വഴി പങ്കുവെക്കുന്ന ഡിജിറ്റൽ അൺറിസർവ്ഡ് ട്രെയിൻ ടിക്കറ്റുകൾ പരിശോധനയ്ക്കിടെ ഇനി അംഗീകരിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. റെയിൽവൺ ആപ്പിൽ ബുക്ക് ചെയ്ത ടിക്കറ്റ്, ബുക്ക് ചെയ്ത അതേ മൊബൈൽ ഫോണിലെ ആപ്പിൽ നിന്നുതന്നെ കാണിക്കണമെന്നാണ് പുതിയ നിർദേശം.
ടിക്കറ്റിന്റെ സ്ക്രീൻഷോട്ട്, ഫോട്ടോ, പി.ഡി.എഫ് കോപ്പി, അല്ലെങ്കിൽ വാട്‌സ്ആപ്, മറ്റ് മെസേജിങ് ആപ്പുകൾ വഴി ലഭിക്കുന്ന പകർപ്പുകൾ എന്നിവ സാധുവായ യാത്രാരേഖയായി പരിഗണിക്കില്ല. ടിക്കറ്റ് ബുക്ക് ചെയ്ത യഥാർഥ ആപ്പിൽ നിന്നുള്ള ടിക്കറ്റാണ് പരിശോധനയ്ക്കിടെ ഹാജരാക്കേണ്ടത്.
വാട്‌സ്ആപിലേക്ക് ടിക്കറ്റ് ഫോർവേഡ് ചെയ്യുകയോ സ്ക്രീൻഷോട്ട് സൂക്ഷിക്കുകയോ ചെയ്താൽ മതിയാകില്ല. പരിശോധനയ്ക്കിടെ റെയിൽവൺ ആപ്പിൽ യഥാർഥ ടിക്കറ്റ് കാണിക്കുന്നതിനൊപ്പം ആവശ്യപ്പെട്ടാൽ ഫോട്ടോ തിരിച്ചറിയൽ രേഖയും ഹാജരാക്കണം.
നിർദേശം പാലിക്കാത്തവർ സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി കണക്കാക്കി റെയിൽവേ നിയമപ്രകാരം പിഴ ഈടാക്കും. എന്നാൽ റിസർവ്ഡ് ടിക്കറ്റുകൾക്ക് ഈ നിർദേശം ബാധകമല്ല.
പുതിയ മാർഗനിർദേശമനുസരിച്ച് ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് മാത്രമേ ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ട്രെയിൻ പുറപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ അസാധുവായതായിരിക്കും.






